ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ ദക്ഷിണാഫ്രിക്ക പത്ത് വിക്കറ്റിന് തകര്‍ത്തു. ഇന്നലത്തെ ആദ്യ മത്സരത്തില്‍ ഒരവസരത്തില്‍ പോലും വിന്‍ഡീസിന് പ്രതീക്ഷ നല്‍കാതെ തീര്‍ത്തും ആധികാരികമായി ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
119 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഓപ്പണര്‍മാരായ തസ്മിന്‍ ബ്രിറ്റ്‌സും(57) നായിക ലോറ വോള്‍വാര്‍ഡ്റ്റും(59) അപരാജിത അര്‍ദ്ധ സെഞ്ചുറി കുറിച്ചു. സുഖകരമായ ഇന്നിങ്‌സിലേക്ക് ഇരുവരും സധൈരം സ്‌കോര്‍ ചെയ്ത് മുന്നേറി.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ചെറിയ റണ്ണില്‍ പൂട്ടിയതിനുള്ള ക്രെഡിറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കാണ്. നാല് വിക്കറ്റ് പ്രകടനവുമായി നൊങ്കുലുലേകോ മ്ലാബ വിക്കറ്റ് വേട്ടയെ മുന്നില്‍ നിന്നും നയിച്ചു. നാല് ഓവറുകളില്‍ 29 റണ്‍സ് വഴങ്ങിയ മ്ലാബ നാല് വിക്കറ്റ് പ്രകടനവുമായി തിളങ്ങി, കളിയിലെ താരവുമായി. കണിശതയാര്‍ന്ന ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ മരിസാനെ കാപ്പും മികവുകാട്ടി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റ് സ്വന്തമാക്കി. കളിയുടെ മൂന്നാം ഓവറില്‍ വിന്‍ഡീസ് നായിക ഹെയ്‌ലി മാത്യൂസിനെ പുറത്താക്കി കാപ്പ് ആണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ സ്റ്റഫാനി ടെയ്‌ലര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നിന്നത്. താരത്തിന്റെ അപരാജിത പ്രകടനമികവാണ്(പുറത്താകാതെ 44) വിന്‍ഡീസിന് മാന്യമായ ടോട്ടല്‍ നേടിക്കൊടുത്തത്. 15 റണ്‍സെടുത്ത സയ്ദ ജെയിംസും വിന്‍ഡിസിനായി പുറത്താകാതെ പൊരുതിനിന്നു. ഷാമിയാന്‍ കാംബെല്ലെ(17), ഡിയാന്‍ഡ്ര ഡോട്ടിന്‍(13) എന്നിവരും ചെറിയ സംഭാവന നല്‍കി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: