ദുബായ് : വനിതാ ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ഇന്ത്യയുടെ മറുപടി 19 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു.
ന്യൂസിലന്‍ഡ് താരം റോസ്മേരി മെയ്ര് നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ലീ തഹൂഹു നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നും ഈഡന് കേഴ്സന്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.
14 പന്തില്‍ രണ്ടു ഫോറുകള്‍ ഉള്‍പ്പെടെ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ സ്മൃതി മന്ഥാന (13 പന്തില്‍ 12), ജമീമ റോഡ്രിഗസ് (11 പന്തില്‍ 13), റിച്ച ഘോഷ് (19 പന്തില്‍ 12), ദീപ്തി ശര്‍മ (18 പന്തില്‍ 13) എന്നിവരും രണ്ടക്കം കണ്ടു. ഓപ്പണര്‍ ഷഫാലി വര്‍മ (2), അരുദ്ധതി റെഡ്ഡി (1), പൂജ വസ്ത്രകാര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), രേണുക താക്കൂര്‍ സിംഗ് (0) എന്നിവര്‍ക്ക തിളങ്ങാനായില്ല. മലയാളി താരം ആശ ശോഭന 10 പന്തില്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു.
സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ഉള്ളപ്പോള്‍ ഷഫാലി പുറത്തായതോടെയാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്.
അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ സോഫി ഡിവൈനാണ് ന്യൂസീലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 36 പന്തുകള്‍ നേരിട്ട സോഫി ഡിവൈന്‍ ഏഴു ഫോറുകള്‍ ഉള്‍പ്പെടയാണ് 57 റണ്‍സെടുത്തത്.
ഇന്ത്യയ്ക്കായി മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: