തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചൂരല്‍ മലയിലടക്കമുണ്ടായ ദുരന്തങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണെന്ന് മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മനുഷ്യന് മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിര്‍ത്തണമെന്നും തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.
വനം, വന്യജീവി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സഹവര്‍ത്തിത്വത്തില്‍ നിന്ന് വന്യജീവി സംരക്ഷണം എന്ന ആശയം ഉയര്‍ത്തിയാണ് മ്യൂസിയം, മൃഗശാല വകുപ്പ് വാരാചരണം സംഘടിപ്പിക്കുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി മൃഗങ്ങളുടെ തനതായ ആവാസ വ്യവസ്ഥ ഉറപ്പുവരുത്താന്‍ മൃഗശാല ശ്രമിക്കുന്നുണ്ട്. നിലവിലെ മൃഗങ്ങളെ കൂടാതെ ജിറാഫടക്കമുള്ളവയെ മൃഗശാലയിലേക്കെത്തിക്കാനുള്ള പരിപാടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നു. ഹനുമാന് കുരങ്ങ് ചാടിപ്പോയ സാഹചര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അവയെ തിരികെയെത്തിച്ച മൃഗശാല ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: