കോഴിക്കോട്: ഭക്തിയും അറിവും പരസ്പര പൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന് തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരളത്തിലെത്തിയിട്ട് അഞ്ചുവര്‍ഷമായിട്ടും മലയാളം പറയാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം നടത്തിയതെങ്കിലും മലയാളത്തിലായിരുന്നു അദ്ദേഹം നവരാത്രി സന്ദേശം നല്കിയത്.
കേസരിക്ക് പുതിയതായി പണിത സോപാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന് തുടക്കം കുറിച്ചത്. സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷ നടി വിധുബാല അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ. വത്സനെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ആദരിച്ചു.
കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖപ്രഭാഷണം നടത്തി. സര്‍ഗ്ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എ.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ചലച്ചിത്രതാരം രചനാ നാരായണന്‍ കുട്ടിയുടെ ‘കാലസംകര്‍ഷണീപ്രവേശം’ നൃത്താവിഷ്‌കാരവും നിരഞ്ജന്‍ ലൈവിന്റെ വയലിന്‍ ഫ്യൂഷനും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: