Samskriti

സര്‍വ്വജ്ഞപീഠത്തിലേക്കു ഭക്തിയോടെ

Published by

മൂകാംബിക ദേവിയുടെ മൂലസ്ഥാനമാണ് കുടജാദ്രി എന്ന പുണ്യപൂങ്കാവനം. ഷിമോഗയില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍ നിന്ന് 1440 മീറ്റര്‍ ഉയരത്തിലുള്ള പര്‍വത ശിഖരമാണ് കുടജാദ്രി. ആദിശങ്കരന് മൂകാംബികാദേവിയുടെ ദര്‍ശനം ലഭിച്ചതു കുടജാദ്രിയില്‍ വെച്ചാണ്. കുടജ പൂക്കള്‍ എന്നര്‍ത്ഥമുള്ള കൊടച്ച, കൊടശി എന്നീ പ്രാദേശിക പദങ്ങളില്‍നിന്നാണ് കുടജാദ്രി എന്ന പേര് വന്നത്. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍നിന്നു 42 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാല്‍ കുടജാദ്രിയുടെ അടിവാരത്തെത്താം. എന്നാല്‍ കാരന്‍ കട്ടെ എന്ന സ്ഥലം വരെ മാത്രമേ ബസ്സ് എത്തൂ. ജീപ്പുകള്‍ മാത്രമാണ് അടിവാരം വരെ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് വനപാതയിലൂടെ 12 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം നടന്നു കയറിയാലേ സര്‍വ്വജ്ഞപീഠത്തിലേക്ക് എത്താന്‍ കഴിയൂ. പ്രായാധിക്യം ഉള്ളവര്‍ അടിവാരം വരെ ജീപ്പിനെത്തുന്നതാണ് ഉചിതം. എത്രവയ്യാത്തവരും അടിവാരമെത്തിയാല്‍ ഭക്തിപ്രഹര്‍ഷത്തില്‍ സ്വയമറിയാതെ ഉണരുന്ന ആന്തരികോര്‍ജ്ജത്തില്‍ കുടജാദ്രിക്കു മുകളിലെത്തിപ്പോകും.

കൊല്ലൂരില്‍നിന്നും രാവിലെ മുതല്‍ ജീപ്പ് സര്‍വീസ് ഉണ്ട്. അടിവാരത്തില്‍ നിന്നു കുറച്ചു ദൂരം യാത്ര ചെയ്താല്‍ ആദ്യം എത്തുന്നത് പുണ്യ പുരാതനമായ ആദിമൂകാംബിക ക്ഷേത്രത്തിലാണ. മൂലമൂകാംബിക എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇതാണെന്നാണ് വിശ്വാസം. ദേവി മൂകാസുരനെ നിഗ്രഹിച്ച പുണ്യഭൂമിയാണിത്. കൊല്ലൂരിലേതു പോലെ ചതുര്‍ബാഹു വിഗ്രഹമാണ് ഇവിടെയും.

ഇരു വശങ്ങളിലും ശൂലവും ദേവിയുടെ ചെറിയൊരു വിഗ്രഹവും സിംഹവാഹനവും കാണാം. ശ്രീകോവിലിനു പുറത്ത് മുമ്പിലായാണ് കാലഭൈരവന്റെ പ്രതിഷ് . ദേവിയുടെ പരിവാരങ്ങളില്‍ പ്രധാനിയും കുടജാദ്രി വനത്തിന്റെ കാവലാളുമാണ് കാല ഭൈരവന്‍. കാലഭൈരവ ക്ഷേത്രത്തിന്റെ സമീപത്തായി ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പുദണ്ഡ് കാണാം. മൂകാസുര നിഗ്രഹത്തിനു ശേഷം ദേവി തന്റെ ത്രിശൂലം ഇവിടെ കുത്തി നിര്‍ത്തിയതാണ് ഇതെന്നാണു കരുതുന്നത്. നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും ഈ ഇരുമ്പു ദണ്ഡ് തുരുമ്പെടുക്കാത്തത് അത്ഭുതമാണ്.

ഇവിടെ പ്രാര്‍ത്ഥിച്ചു മുന്നോട്ടു പോകുമ്പോള്‍ ഇടത് വശത്തായി ഉമാക്ഷേത്രവും കാളീ ക്ഷേത്രവും കാണാം. ശങ്കരതീര്‍ത്ഥം, അഗസ്ത്യതീര്‍ത്ഥം, ഗൗരിതീര്‍ത്ഥം, കമണ്ഡലുതീര്‍ത്ഥം എന്നീ തീര്‍ത്ഥങ്ങളും കുടജാദ്രിയിലുണ്ട്. ഉമാ ക്ഷേത്രവും കാളീ ക്ഷേത്രവും കഴിഞ്ഞാണ് ആദിശങ്കരന്റെ സര്‍വ്വജ്ഞപീഠത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ മുതല്‍ യാത്ര ദുഷ്‌കരമാണെങ്കിലും അത്ഭുതപ്പെടുത്തുന്നത് 70, 80 പ്രായമുള്ളവര്‍ ഭക്തിപൂര്‍വ്വം നിഷ്പ്രയാസം മല കയറുന്ന കാഴ്ചയാണ്. കയറ്റം കയറി മൊട്ടക്കുന്നുകള്‍ പോലെയുള്ള സ്ഥലത്തൂടെയാണ് പിന്നീട് നടക്കേണ്ടത്. ഏതാനും കിലോമീറ്റര്‍ പിന്നിട്ടാല്‍ കവല പോലെ ഒരിടമെത്തും. അവിടെനിന്നു വലത്തേക്ക് നടന്നാല്‍ ഗണപതി ഗുഹയില്‍ എത്താം.

പ്രകൃതി നിര്‍മിതമായ ഗുഹാ ക്ഷേത്രവും ഒരു ചെറിയ ഗണപതി വിഗ്രഹവും അവിടെയുണ്ട്. വിഘ്്‌നേശ്വരനെ പ്രണമിച്ചു തിരികെ എത്തി കുത്തനെയുള്ള കയറ്റം കയറിയാല്‍ അകലെ സര്‍വ്വജ്ഞപീഠം ദൃശ്യമാകും. കരിങ്കല്ലില്‍ തീര്‍ത്ത മണ്ഡപമാണ് സര്‍വ്വജ്ഞപീഠം. മണ്ഡപത്തിനുള്ളില്‍ ശങ്കരാചാര്യ സ്വാമിയുടേ ചെറു വിഗ്രഹവും ശിലകയില്‍ കൊത്തിയ ശ്രീചക്രവും ഉണ്ട്. ഈ ശ്രീചക്രത്തിലാണ് സിംഹാസനേശ്വരിയായ ശ്രീലളിതാംബിക വസിക്കുന്നത്. ചില സമയം മഞ്ഞാല്‍മൂടിയ പീഠത്തിന്റെ കാഴ്ച കണ്ണിനു കുളിര്‍മ്മ പകരുന്നതാണ്. ശങ്കരന്‍ തപസ്സു ചെയ്ത ചിത്രമൂല ഗുഹകൂടി സന്ദര്‍ശിച്ചാലേ കുടജാദ്രി യാത്ര പൂര്‍ണമാവൂ. സര്‍വ്വജ്ഞപീഠത്തിനു പിറകില്‍ കിഴക്കാായാണ് ചിത്രമൂല സ്ഥിതിചെയ്യുന്നത്.

ദുര്‍ഘട വഴിയിലൂടെ കുറച്ചധികം യാത്രചെയ്താലേ ചിത്രമൂലയില്‍ എത്തൂ. അപകടം സാധ്യത മുന്‍നിര്‍ത്തി അവിടേക്കു പോകുന്നത് വനംവകുപ്പ്് വിലക്കിയിരിക്കുകയാണ് ഇപ്പോള്‍. കോലമഹര്‍ഷിയും ശങ്കരാചാര്യ സ്വാമികളും ഇവിടെ ഇരുന്നാണ് ദേവിയെ ധ്യാനിച്ചിരുന്നത്. ഗുഹയില്‍ ശിവലിംഗ പ്രതിഷ്ഠയുണ്ട്. പണ്ട് ഒരുപാട് സംന്യാസിമാരുടെ തപോഭൂമിയായിരുന്നു ഇവിടം. ദേവി പ്രകൃതീശ്വരിയാകയാല്‍ വനസ്ഥാനങ്ങളില്‍ തെളിയുന്ന ചൈതന്യം അളവറ്റതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by