കല്‍ക്കട്ട: സ്വന്തം സംസ്ഥാനത്ത് ജോലിയില്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍വേണ്ടി പശ്ചിമ ബംഗാളിലെ മൂന്നിലൊന്ന് ജനങ്ങള്‍ നാടുവിട്ടതായി ഔദ്യോഗിക രേഖ. 2024 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മൊത്തം രജിസ്ട്രേഷന് ഇ-ശ്രം പോര്‍ട്ടലില്‍ 2,63,72,911 ആണ്. സെന്‍സസ് പ്രകാരം 9,13,47,736, ആണ്. .
ഒക്ടോബര്‍ ഒന്നുവരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള 21 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ സര്‍ക്കാര്‍ ഡാറ്റാബേസായ കര്‍മ്മസതി പരിജയി ശ്രമിക് പോര്‍ട്ടലില്‍ എന്റോള്‍മെന്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലാണ് ബംഗാളിലെ ജനങ്ങള്‍ നാടുവിടുന്നതിന്റെ കണക്ക് വ്യക്തമാക്കുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നത് .
ഗണ്യമായ എണ്ണം കുടിയേറ്റ തൊഴിലാളികളും ഉയര്‍ന്ന പട്ടികവര്‍ഗ പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്.
കുറഞ്ഞ തൊഴിലവസരങ്ങളും കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുന്നതുമാണ് കാര്‍ഷിക മേഖലകളില്‍ നിന്നുള്ള തൊഴിലാളികളുടെ പലായനത്തിന് പ്രധാന കാരണം.
സ്വന്തം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളും ചൂഷണവും കാരണം നാട്ടിലേക്ക് മടങ്ങിയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും തൊഴില്‍ തേടി പോകാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്ന സ്ഥിതിയും നിലനില്ക്കുന്നു.
കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരു പുരുഷ അംഗം വര്‍ഷങ്ങളോളം വീടിന് പുറത്തു ജോലി ചെയ്യുന്നതും സങ്കീര്‍ണമായ അനേകം സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത സാഹചര്യങ്ങളും അത്തരം കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്നു.
തൊഴില്‍ തേടി നാടുവിട്ട ബംഗാളി തൊഴിലാളികള്‍ ചെന്നൈയില്‍ പട്ടിണി മൂലം കുഴഞ്ഞു വീഴുകയും അവരിലൊരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികകരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കണക്ക് പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ പാവപ്പെട്ട ജനങ്ങളെ അധികാരികള്‍ അനാഥരെപ്പോലെ ഉപേക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
2023 ജൂണ്‍ 2 ന് ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ 293 യാത്രക്കാരില്‍ 103 പേര് ബംഗാളില്‍ നിന്നുള്ളവരാണ്. അവരിലധികവും കുടിയേറ്റ തൊഴിലാളികള്‍.
2023 ഓഗസ്റ്റ് 23 ന് മിസോറാമില്‍ പാലം തകര്‍ന്ന് 23 പേര് മരിച്ചു ബംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികള്‍. 2023 ഓഗസ്റ്റ് 25 ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുര്‍ഷിദാബാദില്‍ നിന്നുള്ള മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന, കൂച്ച്ബിഹാറില്‍ നിന്നുള്ള രണ്ടുപേര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചു. ഗവര്ണ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അടുത്തകാലത്ത്് നടന്ന സംഭവങ്ങളും സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: