കൊൽക്കത്ത: തൊഴിൽ തേടി നാടുവിട്ട ബംഗാളി തൊഴിലാളികൾ ചെന്നൈയിൽ പട്ടിണി മൂലം കുഴഞ്ഞു വീഴുകയും അവരിലൊരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ഡോ സി.വി.ആനന്ദബോസ്. ബംഗാളിൽ ചെറുപ്പക്കാരെ തൊഴിലില്ലായ്‌മയിലേക്കും പട്ടിണിയിലേക്കും കഷ്ടപ്പാടുകളിലേക്കും തള്ളിയിടുന്ന മമത സർക്കാർ മനുഷ്യജീവനുമായി കളിക്കുകയാണ്. ഇങ്ങനെയാണോ മമത ബാനർജി ഗാന്ധിജയന്തി ആചരിക്കുന്നത്?. ഗാന്ധിജി ഹൃദയത്തിലേറ്റിയ ദരിദ്രനാരായണനെ മമത പരിപാലിക്കുന്നത് ഇങ്ങനെയാണോ? – വാർത്തയോട് പ്രതികരിക്കവേ ഗവർണർ ചോദിച്ചു.
അടുത്തിടെ, തൊഴിൽ തേടി ചെന്നൈയിലേക്ക് പോയ 17 ബംഗാളി തൊഴിലാളികൾ ജോലി കിട്ടാതെ റെയിൽവേ സ്റ്റേഷനിൽ ബോധരഹിതരായി വീണു. അവരെ ആശുപതിയിലെത്തിച്ചപ്പോൾ ദിവസങ്ങളോളം അവർ പട്ടിണി കിടന്നതായി ആശുപത്രി സ്ഥിരീകരിച്ചു. മൂന്നു പേരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. അവരിൽ ഒരാളായ സമർ ഖാൻ നിർഭാഗ്യവശാൽ മരിച്ചു.
വിവരം അറിഞ്ഞയുടൻ ഗവർണർ ചെന്നൈയിലെത്തി ആശുപത്രിയിൽ കഴിയുന്നവരെയും ഷെൽട്ടർ ഹോമുകളിൽ അഭയം പ്രാപിച്ചവരെയും സഹായിക്കാൻ തന്റെ പ്രതിനിധികളെ നിയോഗിച്ചു. ചികിത്സയ്‌ക്കും ഭക്ഷണത്തിനും സുഖം പ്രാപിക്കുന്ന മുറയ്‌ക്ക് മടക്ക യാത്രയ്‌ക്കുമുള്ള സാമ്പത്തിക സഹായം നൽകി. മൂന്നു പേർക്ക് വിമാനത്തിലും മറ്റുള്ളവർക്ക് ട്രെയിനിലും വീട്ടിലേക്ക് മടങ്ങാൻ ടിക്കെറ്റെടുത്തുനൽകി. മരിക്കാൻ നിരവധി കാരണങ്ങളുണ്ട്. പക്ഷേ പട്ടിണി കിടന്ന് മരിക്കുന്നത് മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമായി കണക്കാക്കാം.
മറ്റ് സംസ്ഥാനങ്ങളിലെ ബംഗാളി തൊഴിലാളികളുടെ കഷ്ടപ്പാടുകളോടും പട്ടിണി മരണത്തോടുമുള്ള ബംഗാൾ സർക്കാരിന്റെ നിസ്സംഗത മാറണം. സ്വന്തം സംസ്ഥാനത്ത് ജോലിയില്ലാത്തതിനാൽ കുടുംബം പുലർത്താൻവേണ്ടി നാടുവിടേണ്ട അവസ്ഥയിലാണ് ഇന്ന് ബംഗാളിലെ പാവപ്പെട്ട ജനങ്ങൾ. എന്നാൽ അധികാരികൾ അവരെ അനാഥരെപ്പോലെ ഉപേക്ഷിക്കുന്നു. തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ തൊഴിലാളികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ബംഗാൾ എന്നാണ് റിപ്പോർട്ട്.
2024 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച്, പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മൊത്തം രജിസ്ട്രേഷൻ ഇ-ശ്രം പോർട്ടലിൽ 2,63,72,911 ആണ്. 2011 ലെ സെൻസസ് പ്രകാരം ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവയ്‌ക്ക് ശേഷം രാജ്യത്ത് ഇക്കാര്യത്തിൽ നാലാം സ്ഥാനത്താണ് ബംഗാൾ. 2001 നും 2011 നും ഇടയിൽ ബംഗാളിൽ നിന്ന് 5,80,000 പേർ മറ്റിടങ്ങളിലേക്ക് കുടിയേറി. 2024 ഒക്ടോബർ ഒന്നുവരെ പശ്ചിമ ബംഗാളിൽ നിന്നുള്ള 21 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ സർക്കാർ ഡാറ്റാബേസായ കർമ്മസതി പരിജയി ശ്രമിക് പോർട്ടലിൽ എൻറോൾമെൻ്റിനായി അപേക്ഷിച്ചിട്ടുണ്ട്.
2023 ജൂൺ 2 ന് ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ 293 യാത്രക്കാരിൽ 103 പേർ ബംഗാളിൽ നിന്നുള്ളവരാണ്. അവരിലധികവും കുടിയേറ്റ തൊഴിലാളികൾ. 2023 ഓഗസ്റ്റ് 23 ന് മിസോറാമിൽ പാലം തകർന്ന് 23 പേർ മരിച്ചു. ബംഗാളിലെ മാൾഡയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികൾ. 2023 ഓഗസ്റ്റ് 25 ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെ മുർഷിദാബാദിൽ നിന്നുള്ള മൂന്ന് കുടിയേറ്റ തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.
അതുപോലെ, രാജസ്ഥാനിൽ ജോലി ചെയ്തിരുന്ന, കൂച്ച്ബിഹാറിൽ നിന്നുള്ള രണ്ടുപേർ ട്രെയിൻ അപകടത്തിൽ മരിച്ചു. ഇവിടെനിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ഉപജീവനാർഥം രാജസ്ഥാനിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നത് മുർഷിദാബാദ് ജില്ലയാണെന്ന് റിപ്പോർട്ട്. 2023ൽ 26 കുടിയേറ്റ തൊഴിലാളികളുടെ അസ്വാഭാവിക മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഒരു സർവേ പ്രകാരം, ഗണ്യമായ എണ്ണം കുടിയേറ്റ തൊഴിലാളികളും ഉയർന്ന പട്ടികവർഗ പട്ടികജാതി വിഭാഗക്കാർക്ക് മുൻതൂക്കമുള്ള ജില്ലകളിൽ നിന്നുള്ളവരാണ്.
കുറഞ്ഞ തൊഴിലവസരങ്ങളും കൃഷിയിൽ നിന്നുള്ള വരുമാനം കുറയുന്നതുമാണ് കാർഷിക മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ പലായനത്തിന് ഒരു പ്രധാന കാരണം.
സ്വന്തം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളും ചൂഷണവും കാരണം നാട്ടിലേക്ക് മടങ്ങിയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും തൊഴിൽ തേടി പോകാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്ന സ്ഥിതിയും നിലനിൽക്കുന്നു.
കുടുംബത്തിൽ വരുമാനമുള്ള ഒരേയൊരു പുരുഷ അംഗം വർഷങ്ങളോളം വീടിന് പുറത്തു ജോലി ചെയ്യുന്നതും സങ്കീർണമായ അനേകം സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത സാഹചര്യങ്ങളും അത്തരം കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്നു. ഒരു ഭരണകൂടത്തിനും അതിന്റെ പൗരന്മാരെ തെരുവിൽ പട്ടിണി കിടന്ന് മരിക്കാൻ അനുവദിക്കാനാവില്ല. അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഗവർണർ സംസ്ഥാനത്തോട് പലവട്ടം നിര്ദേശിക്കുകയുണ്ടായി. എന്നാൽ കാര്യമായ ഫലമുണ്ടായില്ല.
മറ്റു സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴൊക്കെ ഗവർണർ അവിടങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികളെ കാണാറുണ്ട്. അവർ തങ്ങളുടെ തൊഴിലിടത്തെയും നാട്ടിലുള്ള കുടുംബത്തിലെയും ദയനീയാവസ്ഥ വിവരിക്കാറുണ്ട്. അതൊക്കെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ തീർത്തും നിരാശനും അതൃപ്തനുമാണ് ഗവർണർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: