മലപ്പുറം: കെ.ടി ജലീലിന് ഒറ്റയ്‌ക്ക് നിൽക്കാനുള്ള ശേഷിയില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹം മറ്റാരുടെയോ കാലിലാണ് നിൽക്കുന്നത്. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അന്‍വര്‍ പറഞ്ഞു.
എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാന്‍ പറ്റില്ലാല്ലോ’- അന്‍വര്‍ പറഞ്ഞു. പി.വി. അന്‍വറിന്റെ രാഷ്‌ട്രീയ നിലപാടുകളോട് പൂര്‍ണവിയോജിപ്പാണെന്ന് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അന്‍വറിന്റെ വാദവും ജലീല്‍ തള്ളിയിരുന്നു. അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.
ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അൻവറിന്റെ പ്രതികരണ.’കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും – അൻവർ പറഞ്ഞു.
നിലമ്പൂർ ആയിഷയുടെ മനസ് തന്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടിൽ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.
പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്നും പിവി അൻവർ പറഞ്ഞു. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്‌ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കിൽ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലങ്കിൽ മാപ്പു പറയാനെങ്കിലും തയ്യാറാവണം. പി.ആറിൽ സിപിഎമ്മിൽ നാൽപത് അഭിപ്രായങ്ങളുണ്ട്. പറയാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം.ആർ.അജിത്ത് കുമാറിനേയും ഭയമാണ്. പാർട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സിപിഎം പോകുന്നതെന്നും അൻവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക