ടെഹ്‌റാൻ: ഇറാനിലേക്ക് ഇന്ത്യക്കാർ തൽക്കാലം യാത്ര ചെയ്യേണ്ടെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ വ്യോമാതിർത്തി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി.
ഇസ്രയേൽ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഇന്നലെ രാത്രിയോടെയാണ് ഇസ്രയേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്‌പ്പുണ്ടായി. ഇതേ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതേസമയം പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ തീർപ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: