ബെംഗളൂരു: കേക്കുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ബെംഗളൂരുവിലെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം ബേക്കറികൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
12 വ്യത്യസ്ത തരത്തിലുള്ള കേക്കുകളിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. അല്യുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4ആർ, ടർട്രാസിൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ നൽകുന്ന പദാർഥങ്ങളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് കർണാടക ഭക്ഷ്യസുരക്ഷാവിഭാഗം ബേക്കറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിറങ്ങൾക്കായി കൃത്രിമ പദാർഥങ്ങൾ ചേർക്കുന്നത് കാൻസർ വരാനുള്ള സാധ്യതയ്ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അറിയിപ്പുണ്ട്.
ഗോബി മഞ്ചൂരിയൻ, കബാബുകൾ, പാനി പൂരി തുടങ്ങിയ ഭക്ഷ്യ പദാർഥങ്ങളിലും ഇത്തരത്തിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങൾ അടങ്ങിയിട്ടുള്ളത് സംബന്ധിച്ച് നേരത്തേ ഭക്ഷ്യസുരക്ഷാവിഭാഗം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഭക്ഷ്യപദാർഥങ്ങൾക്ക് നിറം നൽകുന്ന റോഡമിൻ-ബി നേരത്തേ കർണാടക സർക്കാർ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: