‘ശുചിത്വ ഭാരതം’ എന്ന മഹാത്മാഗാന്ധിയുടെ സാമൂഹിക ജീവിത ദര്ശനം, കേന്ദ്രസര്ക്കാര് ഏറെ പ്രാധാന്യത്തോടെ ഭാരതമൊട്ടാകെ പ്രാവര്ത്തികമാക്കിയ കര്മ്മ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്. 2014 ഒക്ടോബര് രണ്ട് ഗാന്ധി ജയന്തി ദിനത്തില് പ്രധാനമന്ത്രി തുടക്കമിട്ട ഈ പരിപാടി കേന്ദ്രസര്ക്കാരിന്റെ പതാകവാഹക പദ്ധതിയാണ്. 2019-ഓടെ വെളിയിട വിസര്ജ്യ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഈ ദൗത്യം. വ്യക്തി ശുചിത്വത്തിനപ്പുറം സാമൂഹിക ശുചിത്വത്തിന് കൂടി ഊന്നല് നല്കി ബഹുതല സാമൂഹിക ഇടപെടലിലൂടെ പരുവപ്പെടുത്തിയ പ്രസ്ഥാനമാക്കി മാറ്റുന്നതില് സ്വച്ഛ് ഭാരത് അഭിയന് ഏറെ ശ്രദ്ധ നേടി. എല്ലാ വീടുകളിലും ശുചിമുറി എന്നതിനപ്പുറം സാമൂഹിക സ്ഥാപനങ്ങളിലും മല- മൂത്ര വിസര്ജനത്തിന് വൃത്തിയുള്ള മെച്ചപ്പെട്ട പൊതു ഇടം സാധ്യമാക്കുക എന്നതും ഇതിന്റെ ഉപലക്ഷ്യമായിരുന്നു. മാത്രമല്ല ഖര-ദ്രവ മാലിന്യങ്ങള് തരംതിരിച്ച് സംസ്കരിച്ചുകൊണ്ട് ഓരോ ഗ്രാമത്തെയും വൃത്തിയുള്ളതാക്കി മാറ്റി, ആവശ്യത്തിന് ശുദ്ധജലം എല്ലാവര്ക്കും ലഭ്യമാക്കിയാല് മാത്രമേ സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യം പൂര്ത്തിയാകൂ എന്നും വിവക്ഷിച്ചിരുന്നു.
ഗാന്ധിയും ശുചിത്വവും
‘സ്വാതന്ത്ര്യത്തെക്കാള് പ്രധാനമാണ് ശുചിത്വം’. ശുചിത്വത്തെക്കുറിച്ച് മഹാത്മാഗാന്ധിയുടെ പ്രശസ്തമായ ഉദ്ധരണിയാണിത്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഗാന്ധിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു. എല്ലാവര്ക്കും സമ്പൂര്ണ ശുചിത്വം എന്നതായിരുന്നു സ്വപ്നം. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിയന് നിര്മ്മാണപ്രവര്ത്തനങ്ങളില് ശുചീകരണവും ശുചിത്വവും മുഖ്യ വിഷയമായിരുന്നു. സമ്മേളനങ്ങളില് ഗാന്ധിജി നേരിട്ട് ശുചീകരണ പ്രവര്ത്തനവും, ശ്രമദാനവും നടത്തിയിരുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്ക്ക് ടോയ്ലറ്റുകള് നിര്മിക്കുന്നതിനുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട ശുചിത്വ പരിപാടിയായിരുന്നു 2009ലെ നിര്മല് ഭാരത് അഭിയാന്. മധ്യപ്രദേശിലെ 80 ഗ്രാമങ്ങളില് നടത്തിയ പഠനത്തില് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്ജ്ജനം കുറയ്ക്കുന്നതില് ഈ പദ്ധതി കാര്യമായ പ്രയോജനം ചെയ്തില്ല.
നിര്മ്മല് ഭാരത് അഭിയാന് 2014 സെപ്തംബര് 24ന് കാബിനറ്റ് അംഗീകാരത്തോടെയാണ് സ്വച്ഛ് ഭാരത് അഭിയാന് ആയി പുനഃക്രമീകരിച്ചത്. കേന്ദ്ര നഗര-ഭവന മന്ത്രാലയവും ജല മന്ത്രാലയങ്ങളും സംയോജിത സംയുക്ത പദ്ധതികളിലൂടെ ശുചിത്വ ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് 10 വര്ഷം പിന്നിടുന്നത്.
വൃത്തിയും വികസനവും
4,043 നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമായി സര്ക്കാര് ജീവനക്കാരും വിദ്യാര്ത്ഥികളും പൗരസമൂഹവും പങ്കെടുത്ത രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ ദൗത്യ ക്യാമ്പയിനായി സ്വച്ഛ് ഭാരത് അഭിയാന് മാറി.
ഒരു വര്ഷത്തില് 100 മണിക്കൂര് ശുചിത്വ പ്രവര്ത്തനത്തില് സ്വമേധയാ പങ്കാളിയാകുക, സര്ക്കാര് ജീവനക്കാര് അവധി ദിനങ്ങളില് ശുചീകരണ പ്രവര്ത്തനം നടത്തുക തുടങ്ങി ശ്രദ്ധേയ ചുവടുവയ്പുകളും ഉണ്ടായി. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത സുസ്ഥിര വികസന ലക്ഷ്യത്തില് ആറാമത്തെ വിഷയമാണ് ശുദ്ധജലവും ശുചിത്വവും.
2030 ല് നേടിയിരിക്കേണ്ട, ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്, 2019ല് ആദ്യഘട്ടത്തില് ഒമ്പത് കോടി ശുചിമുറികള് നിര്മ്മിച്ച് ഭാരതം അടുത്തെത്തി. സ്വച്ഛ് ഭാരത് അഭിയാന് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത് 2021 ഒക്ടോബര് ഒന്നിനായിരുന്നു. 2023 ഡിസംബര് വരെ 11.5 കോടി വീടുകളില് ശുചിമുറി ഉറപ്പാക്കി. 60 ലക്ഷം നഗരങ്ങളിലും ഗുണഭോക്താക്കളുണ്ടായി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്ക്കും പട്ടിക ജാതി-വര്ഗ്ഗ വിഭാഗം, ഭിന്നശേഷി വിഭാഗം, ഭൂരഹിതര് എന്നിവര്ക്കും ദാരിദ്ര്യരേഖക്കു മുകളില് പ്രത്യേക പരിഗണന വേണ്ടവര്ക്കും സാമ്പത്തിക സഹായം നല്കി. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്സികള് സ്വച്ഛ് ഭാരത് അഭിയാന് പ്രവര്ത്തനങ്ങളെ അംഗീകരിച്ചിട്ടുമുണ്ട്.
ദൗത്യത്തിന്റെ ആദ്യ ഘട്ട ലക്ഷ്യം പൂര്ത്തിയായപ്പോള് തോട്ടിപ്പണി നിര്മാര്ജനം ചെയ്യുകയും ഗ്രാമീണ മേഖലയില് അവബോധം സൃഷ്ടിച്ച് ആളുകളുടെ വെളിയിട വിസര്ജന ശീലത്തിലും പെരുമാറ്റത്തിലും മാറ്റവും വരുത്തി. ഇനി പ്രാദേശിക തലത്തില് കാര്യശേഷി വര്ദ്ധിപ്പിച്ചുകൊണ്ട് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില് തുറസ്സായ മല-മൂത്ര വിസര്ജ്ജന രഹിത പദവി നിലനിര്ത്താനും ഖര, ദ്രവ മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനും കര്മ്മ പദ്ധതികള് ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് ശ്രമകരമാണ്.
ശുചിത്വ മിഷന്
കേരള സര്ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള മാലിന്യ സംസ്കരണ മേഖലയിലെ സാങ്കേതിക പിന്തുണാ സംവിധാനമാണ് 2008ല് ആരംഭിച്ച ശുചിത്വ മിഷന്. കേന്ദ്രസര്ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് (അര്ബന്), സ്വച്ഛ് ഭാരത് മിഷന് (റൂറല്), കമ്മ്യൂണിക്കേഷന് ആന്ഡ് കപ്പാസിറ്റി ഡെവലപ്മെന്റ് യൂണിറ്റ് (സിസിഡിയു) എന്നിവയുടെ ഏകോപന-നിര്വ്വഹണ ഏജന്സിയും കൂടിയാണ് ശുചിത്വ മിഷന്. കഴിഞ്ഞ ഒമ്പത് വര്ഷത്തില് 2,47,824 ശുചിമുറികള് നിര്മ്മിച്ചു നല്കിയതായി കണക്കുകള് സൂചിപ്പിക്കുന്നു. 2018 ലെ പ്രളയാനന്തര പ്രവര്ത്തനത്തില് റീബില്ഡ് കേരള 95,146 ശുചിമുറികള് പുതുക്കി പണിയുകയോ പുതുതായി പണിയുകയോ ചെയ്തിട്ടുണ്ട്.
അജൈവ മാലിന്യങ്ങള് ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിനും പ്രാദേശിക സര്ക്കാര് സ്ഥാപനങ്ങള് 35,352 ഹരിതസേന പ്രവര്ത്തകരെ നിയോഗിച്ചിട്ടുണ്ട്. വീടുകളില് നിന്നും സ്ഥാപനങ്ങളില് നിന്നും യൂസര് ഫീസ് ഈടാക്കിയാണ് പ്രവര്ത്തിക്കുന്നത്.
ഓര്മയില് ബിന്ദേശ്വര് പഥക്
സാമൂഹിക ശാസ്ത്രജ്ഞനും സാമൂഹിക സംരംഭകനുമായിരുന്ന ബിന്ദേശ്വര് പഥക് ആണ് ഭാരതത്തില് പരിസ്ഥിതി, ശുചിത്വം,മാലിന്യ സംസ്കരണം എന്നിവക്കായി വിപ്ലവകരമായ പരിഷ്കരണങ്ങള് നടപ്പിലാക്കിയത്. 1968 ല് മഹാത്മാഗാന്ധി ശതാബ്ദി സ്മരണക്കായി രൂപീകരിച്ച കമ്മിറ്റിയുടെ സന്നദ്ധപ്രവര്ത്തകനായാണ് ബീഹാറുകാരനായ ബിന്ദേശ്വര് പഥക് സാമൂഹിക പ്രവര്ത്തന രംഗത്തെത്തുന്നത്. തോട്ടിപ്പണിക്കാരുടെ അവകാശങ്ങള്ക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിലൂടെയാണ് പഥക്കിന്റെ പ്രവര്ത്തനം ശ്രദ്ധേയമായത്.
പഥക് നേതൃത്വം നല്കിയ സുലഭ് ഇന്റര്നാഷണലെന്ന സാമൂഹിക സേവന സംഘടനയാണ് ശുചിത്വ മേഖലയില് 1970 കളില് മാറ്റങ്ങളുണ്ടാക്കിയത്. പഥക് ഇന്ത്യന് റെയില്വേയുടെ സ്വച്ഛ് റെയില് മിഷന്റെ ബ്രാന്ഡ് അംബാസഡറായിരുന്നു. തോട്ടിപ്പണിയില്ലാത്ത രണ്ട് കുഴികളുള്ള പവര്ഫ്ലഷ് ടോയ്ലറ്റ് (സുലഭ് ശൗചലയ), സുരക്ഷിതവും ശുചിത്വവുമുള്ള മനുഷ്യ മാലിന്യ നിര്മാര്ജന സാങ്കേതികവിദ്യ സുലഭ് കോംപ്ലക്സുകള് എന്നറിയപ്പെടുന്ന പൊതു ടോയ്ലറ്റുകള് തുടങ്ങിയ ആശയങ്ങള് പഥക് അവതരിപ്പിച്ചു.
(സ്വതന്ത്ര മാധ്യമപ്രവര്ത്തകനാണ് ലേഖകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: