ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റ വിവാദ പ്രസ്താവനയുടെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എം പി പ്രതിക്കൂട്ടിലാകും. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചത് പി.ആര് ഏജന്‍സിയാണ്. കൈസന്‍ എന്ന പി.ആര് ഏജന്‍സിയുടെ അഭിമുഖമാണ് ‘ദ ഹിന്ദു’ ദിനപത്രം. പ്രസിദ്ധീകരിച്ചത്. അതിനെല്ലാം ചുക്കാന്‍ പിടിച്ചത് ജോണ്‍ ബ്രിട്ടാസ് ആണ്.
”മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. 150 കിലോ സ്വര്‍ണവും ഹവാല പണവുമടക്കം 123 കോടി രൂപയുടെ ഇടപാടാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ മലപ്പുറത്തു നിന്ന് പിടികൂടിയത്. മുസ്ലിം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരിനെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത്”- ദി ഹിന്ദുപ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പിണറായി പറയുന്നത് ഇങ്ങനെയാണ്.
വിവാദമായ അഭിമുഖത്തിലെ തെറ്റുകള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു പ്രദേശത്ത കുറിച്ചും പേരെടുത്ത് പറഞ്ഞിട്ടില്ല സംസ്ഥാനത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നോ രാജ്യത്തിന് എതിരായുള്ള പ്രവര്‍ത്തനമെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അഭിമുഖത്തില്‍ നല്‍കിയിരിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റേയോ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയില്‍ നല്കിയ തെറ്റായ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തെറ്റുകള്‍ തിരുത്തുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങളിലെ അഭിപ്രായം വേണ്ടപ്രാധാന്യത്തോടെ നല്‍കണമെന്നും പ്രസ് സെക്രട്ടറി ദി ഹിന്ദുവിന്റെ പത്രാധിപര്‍ക്കയച്ച കത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ‘ദ ഹിന്ദു’ പത്രം വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസന്‍ എന്ന പി.ആര് ഏജന്‍സിയാണ് പ്രസ്തുത പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്നാണ് ‘ദ ഹിന്ദു’ വിന്റെ വിശദീകരണം.
”മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആര്‍ ഏജന്‍സിയായ കെയ്സന് ദ ഹിന്ദുവിനെ സമീപിച്ചു. സെപ്തംബര്‍ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസില്‍ വെച്ച് ഞങ്ങളുടെ മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടു. തുടര്‍ന്ന് പിആര്‍ പ്രതിനിധികളിലൊരാള്‍ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ച ആ വരികള്‍, അഭിമുഖത്തില്‍ ഉള്‍പ്പെടുത്താനായി പിആര്‍ പ്രതിനിധി രേഖാമൂലം നല്‍കിയതാണ്. എന്നിരുന്നാലും അന്നത്തെ അഭിമുഖത്തിന്റെ ഭാഗമായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് ഞങ്ങളുടെ വീഴ്ചയാണ്, അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഈ തെറ്റിന് ക്ഷമ ചോദിക്കുന്നു.” -ദ ഹിന്ദു വിശദീകരിച്ചത് ഇങ്ങനെയാണ്.
.
സെപ്റ്റമ്പര്‍ 30 നാണ് അഭിമുഖം പ്രസദ്ധീകരിച്ചത്. അന്നു രാത്രി 10.59 ന് ഹിന്ദു ഖേദപ്രകടനം നടത്തിയതായാണ് രേഖകള്‍, മുഖ്യമന്ത്രയുടെ പ്രസ് സെക്രട്ടറി ഖേദം പ്രകടനം ആവശ്യപ്പെട്ടത് ഒക്ടോബര്‍ ഒന്നിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: