India

28,000 തൊഴിലവസരങ്ങൾ , 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം : രാജസ്ഥാനെ മാറ്റി മറിയ്‌ക്കാനുള്ള പദ്ധതിയുമായി ടാറ്റ

Published by

ജയ്പൂർ : രാജസ്ഥാനിലെ വൈദ്യുതി മേഖലയിൽ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് രാജസ്ഥാൻ സർക്കാരുമായി ടാറ്റ പവർ പ്രാരംഭ കരാർ ഒപ്പിട്ടു. ഇതിൽ 75,000 കോടി രൂപയുടെ ഗ്രീൻ എനർജി നിക്ഷേപവും ഉൾപ്പെടുന്നു. ഈ 10 വർഷത്തെ പദ്ധതി രാജസ്ഥാനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റാനും ദിവസം മുഴുവനും വൈദ്യുതി വിതരണം നൽകാനും ലക്ഷ്യമിടുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഈ നിക്ഷേപം പ്രധാനമന്ത്രി സൂര്യ ഘർ യോജനയുമായി ബന്ധപ്പെടുത്തിയാകും നടപ്പാക്കുക. 28,000 തൊഴിലവസരങ്ങൾ ഇത് വഴി സൃഷ്ടിക്കാനാകും.

പുനരുപയോഗ ഊർജ പദ്ധതികളിലും നിർമാണം, പ്രസരണം, വിതരണം, ആണവോർജ്ജം, റൂഫ്‌ടോപ്പ് സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കൽ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് എന്നിവയിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് കമ്പനി വ്യക്തമാക്കി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന റൈസിംഗ് രാജസ്ഥാൻ നിക്ഷേപക സമ്മേളനത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും ഊർജ നഷ്ടം കുറയ്‌ക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന പ്രസരണ, വിതരണ മേഖലയിൽ 20,000 കോടി രൂപ നിക്ഷേപിക്കും.

കൂടാതെ, ആണവ നിലയങ്ങൾ വികസിപ്പിക്കുന്നതിനും , ട്രാൻസ്മിഷൻ സംവിധാനത്തിനുമായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. പുനരുപയോഗ ഊർജ പദ്ധതികൾക്കായി 75,000 കോടിയോളം മാറ്റി വയ്‌ക്കും. രാജസ്ഥാനിൽ ഒരു ലക്ഷം ഇവി ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാൻ 1,000 കോടി രൂപയുടെ നിക്ഷേപം നീക്കിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി സൂര്യ ഘർ യോജന വഴി 10 ലക്ഷം വീടുകൾക്ക് സോളാർ പവർ പ്ലാൻ്റുകൾ നൽകും.
You sent

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by