മുംബൈ ; ഹജ് തീർഥാടനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ട്രാവൽ ഏജൻ്റിനെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. നബീൽ അബ്ദുൾ മുബീൻ ഷെയ്ഖ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുള്ള 200 ഓളം പേരെ കബളിപ്പിച്ചാണ് മുബീൻ പണം തട്ടിയത്.
ഒഡീഷയിലെ ബാലസോർ സ്വദേശിയാണ് മുബീൻ . ‘അൽ ആദം ടൂർ ആൻഡ് ട്രാവൽസ്’ എന്ന പേരിൽ നബീൽ ഷെയ്ഖ് ട്രാവൽ ഏജൻസി സ്ഥാപനം നടത്തുന്നുണ്ട് . പിതാവ് ഫിർദൂസ് ബിയും സഹോദരി സൈമ അഞ്ജും ഈ ട്രാവൽ ബിസിനസിൽ പങ്കാളികളാണ്.ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്നാണ് (ഇഒഡബ്ല്യു) നബീൽ അബ്ദുൾ മുബീൻ ഷെയ്ഖിനെതിരെ നിരവധി പരാതികൾ ലഭിച്ചത്. ഹജ്ജും ഉംറയും ചെയ്യിപ്പിക്കാമെന്ന പേരിൽ 2019 നും 2023 നും ഇടയിൽ ഓരോ യാത്രക്കാരനിൽ നിന്നും ഏകദേശം 96,000 രൂപ വീതം ഇയാൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇത്തരത്തിൽ ആകെ ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതിയിൽ പറയുന്നത്.
മുംബൈ കുർള ഏരിയയിലെ അൽ ഇജ്മ ടൂർ ആൻഡ് ട്രാവൽസിന്റെ സഹായത്തോടെ ഹജ്ജിന് കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം . എന്നാൽ ഈ രണ്ട് കമ്പനികളും ചേർന്ന് 189 പേരിൽ നിന്നായി പണം വാങ്ങിയെങ്കിലും ഹജ്ജിന് കൊണ്ടുപോയില്ല. തുടർന്ന് പണം നൽകിയവർ നബീലിനോട് പണം തിരികെ ചോദിച്ചു. നബീൽ ആദ്യം മടിച്ചെങ്കിലും പിന്നീട് പലർക്കും ചെക്ക് നൽകി. എന്നാൽ ബാങ്കിൽ ചെന്നപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് വെളിപ്പെട്ടത് . തുടർന്ന് തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഒഡീഷയിൽ മാത്രമല്ല, മഹാരാഷ്‌ട്രയിലും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവരെയും നബീൽ പറ്റിച്ചതായി കണ്ടെത്തി.
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം ലഭിച്ചയുടൻ നബീൽ ഷെയ്ഖ് ഒഡീഷയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ അന്വേഷണത്തിനിടെ ഇയാൾ മുംബൈയിൽ ഉള്ളതായി . തുടർന്ന് ഒഡീഷ പൊലീസ് മുംബൈയിൽ നടത്തിയ റെയ്ഡിലാണ് നബീൽ ഷെയ്ഖ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: