തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സംസ്ഥാനത്തെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയാണ്. കൊച്ചുകുട്ടിയായിരിക്കുമ്പോള് മരിച്ച അവിട്ടം തിരുനാളിന്റെ ഓര്‍മയ്ക്കായി തിരുവിതാംകൂര്‍ രാജകുടുംബം പണിത ആശുപത്രി. പിന്നീടത് സര്‍ക്കാര്‍ നിയന്ത്രണത്തിലായി. സംസ്ഥാനത്ത് ഏറ്റവും അധികം പ്രസവം നടക്കുന്ന ആരോഗ്യകേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ച സ്ഥാപനം. സ്ഥാപനത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും വലിപ്പത്തെക്കുറിച്ചും തര്‍ക്കമില്ല. ആ എസ്എടി ആശുപത്രി കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറിലേറെ ഇരുട്ടിലായി എന്നതിനെ ദുരന്തം എന്ന വാക്കുകൊണ്ടേ വിശേഷിപ്പിക്കാനാകൂ. ആശുപത്രിയിലേക്കുള്ള ലൈനിലും ട്രാന്‍സ്ഫോര്‍മറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി നടത്തിയതാണ് പ്രശ്നം. പണി തീര്‍ന്ന് ലൈന്‍ ഓണ്‍ ചെയ്തിട്ടും ആശുപത്രിയില്‍ കറന്റ് വന്നിരുന്നില്ല. ആശുപത്രിയിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ (വിസിബി) തകരാറിലായതാണ് കാരണം. ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി. രണ്ടു മണിക്കൂറുകൊണ്ട് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെ ആശുപത്രി പൂര്‍ണമായി ഇരുട്ടിലായി. ആരോഗ്യ- വൈദ്യുതി- പൊതുമരാമത്ത് വകുപ്പുകള്‍ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുന്നു. സാങ്കേതികത്വം എന്തുമാകട്ടെ നഗര ഹൃദയത്തിലുള്ള ആശുപത്രിയില്‍, പകരം ഒരു ജനറേറ്റര്‍ കൊണ്ടുവരാന്‍ മൂന്നു മണിക്കൂര്‍ എന്നത് ആരോട് പറയാവുന്ന ന്യായമാണ്. ഇക്കഴിഞ്ഞ ദിവസം എസ് എ ടി ആശുപത്രിയെ മൂന്നു മണിക്കൂര്‍ ഇരുട്ടിലാക്കിയത് അതിരില്ലാത്ത അലസതയും ഉത്തരവാദിത്ത രാഹിത്യവുമായി.
ഈ ഒരൊറ്റ മാസം തിരുവനന്തപുരത്തെ ജനങ്ങള്‍ അഭിമുഖീകരിച്ചത് സമാനതകളില്ലാത്ത രണ്ട് ദുരന്തങ്ങളാണ്. ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടേയും കഴിവുകേടിന്റേയും അലസതയുടേയും എല്ലാം സാക്ഷ്യം പറഞ്ഞ രണ്ട് ദുരന്തങ്ങള്‍. ആദ്യവാരം കുടിവെള്ളം മുട്ടി ജനം അലഞ്ഞു. അവസാന വാരം ഇരുട്ടില്‍ തപ്പി വലഞ്ഞു. നമ്പര്‍ വണ്‍ കേരളം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം വീമ്പു പറയുന്ന ഭരണാധികാരികളുടെ നാട്ടില്‍ പൈപ്പിന്റെ വാല്‍വ് മാറ്റാന്‍ അഞ്ചു ദിവസവും വൈദ്യുതി സ്വിച്ച് മാറാന്‍ മൂന്നു മണിക്കൂറും എന്ന നാണക്കേടും കണ്ടു.
നാഗര്‍കോവിലിലേക്കുള്ള റെയില്‍പ്പാത നവീകരണത്തിന്റെ ഭാഗമായി ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കാനുള്ള ശ്രമമാണ് നഗരത്തിലെ അഞ്ചു ലക്ഷം പേരുടെ അഞ്ചുദിവസത്തെ വെള്ളം കുടി മുട്ടിച്ചത്. പൈപ്പിന്റെ വളവ് മാറ്റുന്നതിനായി പുതിയ പൈപ്പ് ഇട്ടു. 48 മണിക്കൂര്‍ ചിലസ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങിയേക്കും എന്ന മുന്നറിയിപ്പും നല്കി. പുതിയ പൈപ്പ് ഇട്ട് വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ ചോര്‍ച്ച. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. ഇതിനായി ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റി. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി. ഇരുവശത്തു നിന്നും സ്ഥാപിച്ച പൈപ്പ് യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്മെന്റില് മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്തു ലെവല്‍ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞു. മണ്ണ് നീക്കം ചെയ്തു വാല്‍വ് ഘടിപ്പിച്ചപ്പോഴേയ്ക്കും ദിവസങ്ങള്‍ കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ നഗരവാസികള്‍ ‘വെള്ളം’ കുടിച്ചു. സിനിമയിലെ കഥാപാത്രം പറയുന്നതുപോലെ ‘ഇപ്പം ശരിയാക്കാം’ എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും പറഞ്ഞുകൊണ്ടേയിരുന്നു. നഗരസഭയും മന്ത്രിയും നല്കിയ ഉറപ്പിന് കാല് കാശിന്റെ വില പോലുമില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. വെള്ളം ഇല്ലാത്തതിന്റെ പേരില്‍ മഴക്കാലത്ത് സ്ക്കൂളുകള്‍ക്ക് അവധി നല്കിയ അപഹാസ്യനടപടിക്കും തിരുവനന്തപുരം സാക്ഷ്യം വഹിച്ചു.
പ്രളയവും ഉരുള്‍പൊട്ടലും വന്നപ്പോള്‍ നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനം എത്ര പരാജയം എന്ന് അറിഞ്ഞതാണ്. പരാജയത്തേക്കാള്‍ എത്രവലിയ ദുരന്തം ആണ് എന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയതും ആശുപത്രി ഇരുട്ടിലായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: