കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ലോക റിക്കോര്‍ഡുകളുമായി ഭാരതം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 റണ്‍സ് എന്നീ നേട്ടങ്ങള്‍ ഭാരതം ഇന്നലെ സ്വന്തമാക്കി.
ഇന്നലെ ടി 20 ശൈലിയില്‍ ബാറ്റ് ചെയ്ത ഭാരതം വെറും 3.1 ഓവറിലാണ് 50 റണ്‍സ് പിന്നിട്ടത്. അടുത്തിടെ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 26 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ റിക്കോര്‍ഡാണ് ഭാരതം സ്വന്തം പേരിലാക്കിയത്. പിന്നീട് 10.1 ഓവറില്‍ ഭാരതം 100 റണ്‍സും നേടി. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭാരതം തന്നെ 12.2 ഓവറില്‍ 100 റണ്‍സിലെത്തിയ റിക്കോര്‍ഡാണ് ഇന്നലെ തിരുത്തിയെഴുതിയത്.
18.2 ഓവറില്‍ ഭാരതം 150 റണ്‍സും 24.2 ഓവറില്‍ 200 റണ്‍സും പിന്നിട്ടു. 2023-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 21.1 ഓവറില്‍ നേടിയ 150 റണ്‍സിന്റെ റിക്കോര്‍ഡാണ് ഭാരതം ഇന്നലെ തിരുത്തിയത്. 2017-ല്‍ സിഡ്‌നിയില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ 28.1 ഓവറില്‍ നേടിയ 200 റണ്‍സിന്റെ റിക്കോര്‍ഡാണ് ഭാരതം ഇന്നലെ മറികടന്നത്.
മാത്രമല്ല, 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച യശസ്വി ടെസ്റ്റില്‍ ഭാരതീയന്റെ നാലാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി തികച്ചു. റിഷഭ് പന്ത് (28 പന്തില്‍), കപില്‍ ദേവ്(30 പന്തില്‍), ഷാര്‍ദ്ദുല്‍ താക്കര്‍(31) പന്തില്‍ എന്നിവരാണ് യശസ്വിയെക്കാള്‍ വേഗത്തില്‍ ടെസ്റ്റ് അര്‍ധസെഞ്ചുറി നേടിയ ഭാരത താരങ്ങള്‍. കൂടാതെ മെഹ്ദി ഹസനെ സിക്‌സിന് പറത്തിയ യശസ്വി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ടീമെന്ന നേട്ടം ഭാരതത്തിന്റെ പേരിലാക്കി. 90 സിക്‌സുകളാണ് ഈ വര്‍ഷം ഭാരതം ടെസ്റ്റില്‍ നിന്ന് അടിച്ചെടുത്തത്. 2022ല്‍ 89 സിക്‌സുകള്‍ അടിച്ചിരുന്ന ഇംഗ്ലണ്ടിന്റെ റിക്കോര്‍ഡാണ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: