കേരളവും തമിഴ്‌നാടും ചേര്‍ന്ന് ആഘോഷിക്കുന്ന ഒരു ജനകീയ ഉത്സവമാണ് നവരാത്രി എഴുന്നള്ളത്ത്. നവരാത്രിക്കാലത്തു അനന്തപുരി സാക്ഷ്യം വഹിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ആചാരപെരുമയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റി നങ്കാ ദേവി പുറപ്പെട്ടു.
മുന്നൂറ്റി നങ്കൈയ്‌ക്ക് കേരള – തമിഴ്നാട് പോലീസ് സേനകൾ സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മുന്നൂറ്റിനങ്കയെ എഴുന്നള്ളിക്കുന്നത്. കേരള-തമിഴ്‌നാട് പൊലീസ് എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ശുചീന്ദ്രത്തേക്ക് എത്തി. അദ്ദേഹത്തെ ക്ഷേത്ര അധികൃതർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ആചാരപെരുമ എന്നതിലുപരി ആഘോഷത്തിന്റെ ജനകീയതയാണ് തിരുവനന്തപുരത്തെ നവരാത്രി ഉത്സവം വേറിട്ടതാക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനമായ പദ്‌മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നവരാത്രി എഴുന്നള്ളത്ത്, വർഷങ്ങളായി ആചരിച്ചുപോരുന്ന പ്രൗഢഗംഭീരമായ ചടങ്ങാണ്. അക്ഷരപൂജയ്‌ക്കായി വിദ്യാദേവതയായ സരസ്വതിയെ പദ്മനാഭപുരം കൊട്ടാരത്തിനുള്ളിലെ തേവാരക്കെട്ടിൽ നിന്നും പുറത്തെഴുന്നള്ളിച്ച്, തലസ്ഥാനത്തേക്ക് കൊണ്ടുവന്ന് പൂജവയ്‌ക്കുന്നതാണ് രീതി. ദേവിയുടെ വിഗ്രഹത്തിന് അകമ്പടിയായി ആയോധനകലയുടെ ദേവനായ വേളിമല കുമാരസ്വാമി, രാജകുടുംബത്തിന്റെ പരദേവതയായ ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് തിരുവനന്തപുരത്ത് പൂജവയ്‌പ്പിന് എത്തിക്കുന്നത്.
ഇന്നത്തെ കന്യാകുമാരി ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രത്തെ ‘മുന്നുദിത്ത നങ്കൈയമ്മൻ കോവിൽ’. മുന്നൂറ്റിനങ്ക എന്ന് പൊതുവെ വിളിക്കപ്പെടുന്നു. ‘ആദിയില്‍ ഉദിച്ച കന്യക’ എന്ന അര്‍ഥമുള്ള ‘മുന്‍ ഉദിത്ത നങ്കൈ’ എന്ന തമിഴ്‍വാക്ക് ലോപിച്ചാണ് മുന്നൂറ്റിനങ്കയായത് എന്ന് പറയപ്പെടുന്നു. നാഞ്ചിൽനാട്ടിൽ നങ്ക എന്നു വിളിപ്പേരുള്ള നിരവധി ദേവിമാരുണ്ട് – അഴകിയപാണ്ഡ്യപുരം വീരവ നങ്ക, ദരിശനംകോപ്പു ശ്രീധര നങ്ക, ഭൂതപ്പാണ്ടി അഴകിയചോഴൻ നങ്ക, കുലശേഖരപുരം കുലശേഖര നങ്ക എന്നിങ്ങനെ നിരവധി നങ്കമാർ കന്യാകുമാരി ജില്ലയിൽ ആരാധിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: