വേദങ്ങളുടെ നേത്രമായ ജ്യോതിഷത്തില്‍ പ്രഥമവും പ്രധാനവും സങ്കീര്‍ണവുമായ ഘടകമാണ് മേലാപാകം-(പൊരുത്തശോധന-സ്ത്രീപുരുഷവിവാഹപ്പൊരുത്തം നോക്കുന്നത്). എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് വിശ്വപ്രകൃതിയെങ്കിലും പ്രപഞ്ചത്തില്‍ നിലനില്പിന്റെ ജീവതാളം മുഖ്യമായും മനുഷ്യനെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീപുരുഷന്മാരുടെ സ്‌നേഹസമൃദ്ധവും സംസ്‌കാരോചിതവുമായ നൈസര്‍ഗ്ഗിക വിവാഹസമന്വയത്തിതിലൂടെയുള്ള ശിവശക്തിലയത്തില്‍ ജീവിതനദി അനുസൃൂതം പ്രവഹിക്കുന്നു. അതുകൊണ്ടുതന്നെ വിവാഹിതരാകാന്‍ പോകുന്നവര്‍ ജാതകപ്പൊരുത്തശോധന ആഗ്രഹിയ്‌ക്കുന്നുവെങ്കില്‍ അതിന്റെ നിര്‍വ്വഹണം ജാഗ്രതയോടെയും നിഷ്‌കൃഷ്ടമായ സൂക്ഷ്മതയോടെയും ആകണമെന്നു ശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. ശ്രുതിയും താളവും യോഗാത്മകമാകുന്ന മാന്ത്രിക ലാവണ്യമാണത്. കുറ്റങ്ങള്‍ കുറഞ്ഞ സ്ത്രീപുരുഷഘടനയുടെ ശ്രേയസ്‌കരമായഫലം ജന്മജന്മാന്തരങ്ങളോളം സൗഭാഗ്യാതിശയമായി നിലനില്ക്കും. പിഴവുമൂലമുണ്ടാകുന്ന ദുരിത സമസ്യകളുടെ സമാക്രമണം പ്രവചനാതീതമായി തുടര്‍ന്നുകൊണ്ടിരിക്കും .
ശാസ്ത്രാധിഷ്ഠിതമായി പൊരുത്തം നോക്കാതെയും അത്തരത്തിലുളള യാതൊരുവിധ ആചാരങ്ങള്‍ക്കും വിധേയരാകാതെയും വിവാഹിതരാകുന്നവര്‍ സംതൃപ്തിയോടെ സസുഖം ജീവിക്കുന്നില്ലേ? പിന്നെന്തിനു പൊരുത്തത്തെ അമിതമായി ആശ്രയിക്കുന്നു? പത്തു പൊരുത്തത്തിന്റെ മാനസിക സംതൃപ്തിയോടെ നിറപറയും നിലവിളക്കും വച്ച് അഗ്‌നിസാക്ഷിയായി മാംഗല്യത്തില്‍ ഒന്നിക്കുന്നവര്‍ ജന്മാന്തര ശത്രുക്കളായി പിരിഞ്ഞു പോകുന്നതിന്റെ പൊരുളെന്ത്? എന്നിങ്ങനെ സാമാന്യമായി നിരവധി ചോദ്യങ്ങളും സംശയങ്ങളും വിശ്വാസികളും അവിശ്വാസികളും ഉന്നയിക്കാറുണ്ട്. അവയെല്ലാം യുക്ത്യധിഷ്ഠിതമായി നിര്‍ദ്ധാരണം ചെയ്തു നിവൃത്തി വരുത്തേണ്ടത് ശാസ്ത്രത്തിന്റെ ഉത്തരവാദിത്തമാണ്.
ഔപചാരികമായി പൊരുത്തം നോക്കാതെ വിവാഹിതരായി മെച്ചപ്പെട്ട കുടുംബ ജീവിതം നയിക്കുന്നഅനുഗൃഹീതരായ ദമ്പതിമാരുടെ ജാതകം പരിശോധിച്ചാല്‍ അവരുടെ പരസ്പരാകര്‍ഷ്ണത്തിനും അഭിപ്രായ ഐക്യത്തിനും കാരണമായ ഉല്‍കൃഷ്ട ഘടകങ്ങളുടെ ജന്മജന്മാന്തര ബന്ധം ആഗമനിഗമങ്ങളില്‍ നിഷ്ണാതനായ ജ്യൌതിഷിക്ക് കണ്ടെത്താന്‍ കഴിയും. എന്നാല്‍പരാജിതരായി യാതനകളുടെ ചുഴിയില്‍പ്പെട്ടു നിരന്തരം നട്ടം തിരിയുന്നവരെ ഇത്തരം ചോദ്യമുയര്‍ത്തുന്നവര്‍ കണ്ടില്ലെന്നു നടിക്കുകയോ ലഘുവായി കാണുകയോ ചെയ്യുന്നു.
വെളിച്ചത്തിനെന്ന പോലെ നിഴലിനും അസ്തിത്വമുണ്ട്. പരിഗണിച്ചാലും അവഗണിച്ചാലും അതിന്റെ പ്രവര്‍ത്തനവും പ്രേരണാശക്തിയും ശിഥിലമാകില്ല. ‘തമസോമാ ജ്യോതിര്‍ഗമയാ’ എന്ന പ്രാര്‍ത്ഥനാ മന്ത്രത്തില്‍ തമസ്സിന്റെ സ്വാധീനവും കാഠിന്യവും എത്രത്തോളമുണ്ടെന്ന ശാശ്വത സത്യം പ്രതിഫലിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍ പരിശോധിക്കാം. എഴുപതു വയസ്സു പിന്നിട്ട മുത്തശ്ശനും മുത്തശ്ശിയും വിവാഹ മോചിതരായി (പൊരുത്തം നോക്കി നിശ്ചയിച്ചുറപ്പിച്ച് ആചാരാനുഷ്ഠാനങ്ങളോടെ വിവാഹിതരായവര്‍). നല്ല ജീവിതനിലവാരം പുലര്‍ത്തുന്നവരെന്നു പ്രത്യക്ഷത്തില്‍ തോന്നിയിരുന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കാരണമെന്തായാലും ഇപ്പോള്‍ പ്രസക്തമല്ല. രണ്ടാമത്തെ കൂട്ടര്‍ ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവര്‍. 25 വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആദ്യത്തേതില്‍ ജാതകവശാല്‍ കണ്ട വിവാഹ മോചനത്തിന്റെ(വേര്‍ പിരിയലിന്റെ) വ്യക്തമായ സൂചനകളെ അവഗണിച്ചു. രണ്ടാമത്തേതിന്റെ കാരണം എന്തുമാകാം, ജാതകം ലഭ്യമല്ല. എന്തു തന്നെ ആയാലും കുറ്റമറ്റ രീതിയില്‍ ഗണിച്ച അവരുടെ ജാതകമുണ്ടെങ്കില്‍ (ഒരാളുടേത് മതിയാകും) പരിശോധിച്ചു നോക്കുന്ന പക്ഷം കൊലപാതകത്തിന്റെ വ്യക്തമായസൂചനകള്‍ കാണും. ‘രാജശിക്ഷയ്‌ക്കു വിധേയമാകാം’ എന്നു സൂചന ലഭിച്ച രണ്ടു ജാതകരില്‍ ഒരാള്‍ അടിപിടിക്കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍. മറ്റൊരാള്‍ വിവാഹ മോചനക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാസമ്പന്നനായ ഉന്നത ഉദ്യോഗസ്ഥന്‍. രണ്ടാമത്തെ ആളിന്റെഫലം എന്താകുമെന്നു ഊഹിച്ചു കൊള്ളുക.
ഇതെല്ലാം വസ്തുനിഷ്ഠമായ വര്‍ത്തമാനകാല ഉദാഹരണങ്ങളാണ്. ജാതകത്തില്‍ കാണുന്ന സൂചനകളൊന്നുമല്ല യാതനാനിര്‍ഭരമായ അനുഭവങ്ങള്‍ക്കെല്ലാം കാരണം. മറിച്ച് ജീവിതാനുഭവങ്ങളുടെ എല്ലാ ഘടകങ്ങളും ജാതകത്തില്‍ സമ്യക്കായി ലയിച്ചിരിക്കുമെന്ന് മാത്രമേ അര്‍ത്ഥമാകുന്നുള്ളു.
അനുഭവങ്ങളുടെ യഥാര്‍ത്ഥ ഭൂമികയില്‍ നിന്നുകൊണ്ടുന്നയിക്കുന്ന ചോദ്യങ്ങളെല്ലാം ശരിയാണ്. ജാതകങ്ങളില്‍ ജനനവര്‍ഷം, മാസം, തിയതി, സമയം, സ്ഥലം എന്നിവ സൂക്ഷ്മമായി രേഖപ്പെടുത്താത്തതു മൂലമുണ്ടാകുന്ന പിശകുകള്‍ പെട്ടെന്നു പരിഹരിക്കാന്‍ സാധിക്കുകയില്ല. ഇവയിലേതെങ്കിലുമൊന്നു സംശയാസ്പദമായ നിഗമനത്തില്‍ ഗണിക്കുന്ന ജാതകങ്ങള്‍ ഒരിക്കലും ശരിയാകുകയില്ല. അത്തരം ജാതകങ്ങള്‍ വച്ചു കൊണ്ട് നടത്തുന്ന പൊരുത്തശോധനയും ഫലപ്രവചനവും നിഷ്ഫലമാകാതെ തരമില്ല. ഇവിടെ അനുഭവങ്ങളുടെ കാര്യകാരണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.
എട്ടു പൊരുത്തവും രണ്ടു പൊരുത്ത ദോഷവും പരാമര്‍ശിക്കുന്ന കാരിക തുടങ്ങുന്നത് ‘രാശി രാശ്യാധിപ വശ്യ മാഹേന്ദ്ര’ എന്നിങ്ങനെയാണ്. ഇതില്‍ നിന്നു പ്രഥമവും പ്രധാനവുമായതു രാശിപ്പൊരുത്തമാണെന്നു വേണമെങ്കില്‍ അനുമാനിക്കാം. 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായ സ്ത്രീ പുരുഷന്മാരുടെ പൊരുത്തശോധനാ ഫലം പത്തില്‍ നാലുമാത്രം. അഞ്ചിനു താഴെയുളള ഫലം വര്‍ജ്യമെന്നു പ്രമാണം. ആ നിലയ്‌ക്കു തുടക്കത്തിലേ ബന്ധം നിഷേധിക്കേണ്ടതായിരുന്നു. കൂടാതെ മേല്‍ജാതകരുടെ രാശികള്‍ തമ്മില്‍ ഷഷ്ഠാഷ്ടമത്തിലുമാണ്. പുരുഷന്‍ സ്ത്രീയുടെ 6-ാം ജന്മരാശിയില്‍ ആയാല്‍ ഷഷ്ഠാഷ്ടമം. വ്യസനം, രോഗം, ആപത്ത് എന്നിവ ഫലമെന്നു ശാസ്ത്രം. പ്രീതിഷഷ്ഠാഷ്ടമം ഉല്‍കൃഷ്ടമാണെന്നു ശാസ്ത്ര വിധിയുണ്ട്. അതനുസരിച്ചായിരിക്കാം മേല്‍ വിവാഹത്തിനു അനുമതി നല്‍കിയതെന്ന് അനുമാനിക്കാം. ഇവിടെ സ്ത്രീജന്മം യുഗ്മരാശിയിലാണ്. യുഗ്മരായില്‍ ജനിക്കുന്ന സ്ത്രീക്ക് ആറാം രാശിജന്‍ അനുയോജ്യനല്ലെന്ന ശാസ്ത്രവിധി ശ്രദ്ധേയം. നക്ഷത്രപ്പൊരുത്തവും പൊരുത്ത ദോഷവും കൂടിച്ചേര്‍ന്ന് അധമവിഭാഗത്തില്‍പ്പെടുന്നപൊരുത്തക്കേടുകള്‍ ആറെണ്ണം വേറെ. അതിന്റേതായ ദുരിതങ്ങളെല്ലാം അവരുടെ ജീവിതത്തില്‍ അനുഭവസിദ്ധമാകാതെ തരമില്ലല്ലോ.
ജാതകദോഷങ്ങള്‍, ശാസ്ത്ര വിധിയില്ലാത്തവരെ തമ്മില്‍ യോജിപ്പിക്കുന്നതിലൂടെ അനന്തര തലമുറയിലേയക്കു സംക്രമിക്കുന്നതു നിമിത്തം സംജാതമാകുന്ന സ്വസ്ഥതക്കുറവുകളാണ് വിവാഹപ്പൊരുത്തത്തിന്റെ സൂക്ഷ്മവിശകലനത്തില്‍ വെളിവാകുന്നത്. ജാതകദോഷങ്ങള്‍ ജൈവഘടകങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്.
ജ്യോതിഷത്തയോ ജ്യൌതിഷിയെയോ ആശ്രയിക്കാതെ വിവാഹിതരാകുന്നവര്‍ മാന്യമായി സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്നു പറയാറും കേള്‍ക്കാറുമുണ്ട്. അതെ, ശരിയാണ്. അവര്‍ അങ്ങനെ സസുഖം പല്ലാണ്ടുവാഴട്ടെ; എന്നാല്‍ എല്ലാവരും അങ്ങനെയല്ല. യാതനകളുടെ അഗ്‌നികുണ്ഡത്തില്‍പ്പെട്ട് എരിഞ്ഞൊടുങ്ങുന്ന ഹതഭാഗ്യര്‍ ധാരാളമുണ്ട്. അവരെ അധികമാരും കാണാറില്ല. അല്ലെങ്കില്‍ അകംവേകുന്നതു പുറംഅറിയുന്നില്ല, അറിയിക്കുന്നുമില്ല എന്നു മാത്രം. ദുസ്സഹദുരിതങ്ങള്‍ പിടിവിട്ടുപോകുമ്പോള്‍ മാത്രം പുറം ലോകമറിയുന്നു. ശാന്തമായ ഉപരിതലവും പ്രക്ഷുബ്ധമായ അടിയൊഴുക്കുമായി കാലം കഴിക്കുന്നു. ദോഷൈകദൃക്കുകള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ വിവാഹിതരാകുന്നവരുടെ ദുരവസ്ഥകളിലേക്കു മാത്രം വിരല്‍ ചൂണ്ടുന്നു. അവരുടെ കുറ്റവും കുറവും പര്‍വ്വതീകരിച്ച് ഉച്ചൈസ്തരം ഘോഷിക്കുന്നതില്‍ മാത്രം വിമര്‍ശനം കേന്ദ്രീകരിക്കുന്നു.
ഒരു ശാസ്ത്രവും സമ്പൂര്‍ണ്ണമല്ല. ആ പൊതുതത്ത്വം പ്രഘോഷണം ചെയ്യുന്ന ന്യൂനത പരിമിതമായ അളവില്‍ മാത്രം ദര്‍ശിക്കാവുന്ന ശാസ്ത്ര ശാഖയാണു ജ്യോതിഷം. സിദ്ധിയും സാധനോപാസനാദികളും ഏകത്ര സമ്മേളിച്ചു പ്രോജ്വലിച്ചാല്‍ ആ പരിമിതിയും തരണം ചെയ്യാം. കുറ്റം ശാസ്ത്രത്തിനല്ല. പ്രാവര്‍ത്തികമാക്കുന്നവരുടെ അനവധാനതയാണു പിഴവിനും പിശകിനും വഴി മാറുന്നത്. പൊരുത്തവും പൊരുത്ത ദോഷവുമുള്‍പ്പെടെ പത്തെണ്ണത്തിലുപരി ഗൗണപ്പൊരുത്തങ്ങള്‍ അനവധിയുള്ളതില്‍ യുക്തിസഹമെന്നു തോന്നുന്നവകൂടി കണക്കിലെടുത്തു പരിശോധിച്ച് വിവാഹിതരാകുന്നവരുടെ ഗുണവര്‍ദ്ധനവ് പ്രകടമായി പ്രകാശിക്കുന്ന ഉദാഹരണങ്ങള്‍ അനേകമുണ്ട് കണ്‍മുന്‍പില്‍. അതു സവിശേഷ ഗവേഷണമര്‍ഹിക്കുന്ന വിഷയമാണ്.
ഇഷ്ടമുള്ള മാര്‍ഗ്ഗം സര്‍വാത്മനാ സ്വീകരിക്കാനുള്ള അനിഷേധ്യമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രായോഗികമാക്കുമ്പോള്‍ അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് മൂല്യശോഷണം വരാതെ കഴിയുന്നത്ര കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു മാത്രമേ പറയാനുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: