ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഫൈനലില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരി, മത്സരഫല നിര്‍ണയത്തിനെതിരെ പരാതി നല്‍കും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് വീയപുരം ചുണ്ടന് വള്ളം തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് പരാതി നല്‍കുക.
ജില്ലാ കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ സെക്രട്ടറിയുമായ സൊസൈറ്റിയില്‍ നിരവധി ബോട്ട് ക്ലബ് ഭാരവാഹികളും അംഗങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ അഞ്ചു മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് പിന്നില്‍ വീയപുരം ചുണ്ടന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഫലം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ രണ്ടു ചുണ്ടന്‍വള്ളങ്ങളും ഒരേ സമയത്ത് തന്നെയാണ് ഫിനിഷ് ചെയ്തതായി കാണിച്ചതെന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ് ആരോപിക്കുന്നു. ഇതോടെയാണ് ജേതാക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ പിന്നീട് മത്സരഫലം പുനര്‍നിര്‍ണയിച്ചപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് 4:29:785 മിനിറ്റിലും, കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് 4:29:790 മിനിറ്റിലും ഫിനിഷ് ചെയ്തതായി മാറ്റി. ഇതിനെതിരെയാണ് പരാതി നല്‍കുക. എന്‍ടിബിആര്‍ സൊസൈറ്റി നീതിയുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതിഷേധിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും ആരോപണമുണ്ട്. നെഹ്റു പവലിയനില്‍ വച്ചാണ് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ബോട്ട് ക്ലബ് അംഗങ്ങള്‍ക്കെതിരെ ബലപ്രയോഗം നടന്നതെന്നാണ് ആരോപണം. മൂന്ന് തുഴച്ചില്‍കാര്‍ക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റു. ഇതു സംബന്ധിച്ചും പരാതി നല്‍കും.
ഫൈനലിലെ സ്റ്റാര്‍ട്ടിങ് പിഴവിനെതിരെ മൂന്നാം സ്ഥാനത്തെത്തിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബും ബോട്ട് റേസ് സൊസൈറ്റിക്ക് പരാതി നല്കി. തങ്ങളുടെ ട്രാക്കില്‍ ഒരു ബോട്ട് തടസമായി നിന്നത് അറിയിച്ചിട്ടും അതു നോക്കാതെ മത്സരം ആരംഭിച്ചതിനാല്‍ തങ്ങളുടെ സ്റ്റാര്‍ട്ടിങ് വൈകിയതു തുഴച്ചിലിനെ ബാധിച്ചതായാണ് പരാതി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിനെ ജേതാക്കളാക്കാനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: