വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലെ യന്ത്രതകരാറുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) തുടരുന്ന ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യത്തിന് തുടക്കം. ഇതിനായി അമേരിക്കയിലെ ഫ്ളോറിഡയിലെ കോപ് കനാവറലില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.
ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബച്ച് വില്‍മോര്‍ എന്നിവരെ തിരികെയെത്തിക്കുകയാണ് സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ക്രൂഡ് മിഷനായി ഉപയോഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോഗിച്ചായിരുന്നു ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ വിക്ഷേപണം. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗോര്‍ബുനോവുമാണ് റോക്കറ്റിലുള്ളത്.
വിക്ഷേപണം വിജയകരമായതിന് പിന്നാലെ നാസ മേധാവി ബില്‍ നെല്‍സണ്‍ അഭിനന്ദനം അറിയിച്ചു. നക്ഷത്രങ്ങളില്‍ വരെ പര്യവേക്ഷണത്തിന്റെയും പര്യവേക്ഷണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഫെബ്രുവരിയിലാകും ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകം യാത്ര തിരിക്കുക. മടക്കയാത്രയില്‍ സുനിതാ വില്യംസും ബുച്ച് വില്‍മോറും പേടകത്തിലുണ്ടാകും.
ജൂണിലാണ് സുനിതയും വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യം പേടകത്തിന്റെ സാങ്കേതിക തകരാര്‍ കാരണം മാസങ്ങള്‍ നീണ്ടു. സ്റ്റാര്‍ലൈനറിന്റെ 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം തകരാറിലായിരുന്നു. ഈ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും തിരിച്ചുകൊണ്ടുവരുന്നത് ഏറെ ദുഷ്കരമാണെന്ന് നാസ വിലയിരുത്തിയതിനെത്തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ തനിച്ച് ഭൂമിയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: