കോഴിക്കോട്: പാഴ് വസ്തുവിനെ പുനരുപയോഗിച്ചാല്‍ ജീവിതം പാഴാവില്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ച 74 കാരന് സുബ്രഹ്മണ്യന് പ്രധാനമന്ത്രിയുടെ പ്രശംസ. ഗിന്നസ് റെക്കോഡില്‍ കയറുന്നതിനേക്കാള്‍ വലിയ നേട്ടമാണ് ഒളവണ്ണ തൊണ്ടിലക്കടവ് സ്വദേശി, മലയത്തൊടി സുബ്രഹ്മണ്യന് ഇതോടെ ലഭിച്ചത്. പഴയ 23,000 കസേരകള്‍ പാഴ്വസ്തുക്കളായി തള്ളാതെ പുനരുപയോഗത്തിന് തയാറാക്കിയ സുബ്രഹ്മണ്യനെക്കുറിച്ച് പ്രധാനമന്ത്രി ഇന്നലെ മന് കീ ബാത്തിലൂടെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് പ്രശംസിക്കുകയായിരുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ചൂരല്‍, നൈലോണ്‍, പ്ലാസ്റ്റിക് വയര്‍ കൊണ്ട് വരിഞ്ഞ കസേരകള്‍ പഴകി ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരുന്നു. 58 വര്‍ഷത്തിനിടെ 23,000 അത്തരം കസേരകള്‍ സുബ്രഹ്മണ്യന് ഉപയോഗയോഗ്യമാക്കി. വര്‍ഷത്തില്‍ 200 ദിവസം, ദിവസം രണ്ട് കസേര വീതംവരെ വരിഞ്ഞിട്ടുണ്ട്. 58 വര്‍ഷത്തെ കണക്കെടുത്താല്‍ ഏകദേശം 23000 കസേരകള്‍ മെടഞ്ഞ് കാണുമെന്ന് സുബ്രഹ്മണ്യന് പറയുന്നു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും മറ്റും മറ്റുംവരെ ഇദ്ദേഹം ഇരിപ്പിടമൊരുക്കി. പാഴ് വസ്തുവിനെ പുനരുപയോഗിച്ച് വാര്‍ദ്ധക്യത്തിലും പാഴാവാത്ത ജീവിതം നെയ്യാമെന്ന് സുബ്രഹ്മണ്യന് തെളിയിക്കുന്നു.
പതിനാറാം വയസില്‍ ഉപജീവനത്തിനായി കല്ലായിലെ സ്റ്റാന്‍ഡേര്‍ഡ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിക്ക് എത്തിയ സുബ്രഹ്മണ്യന് അവിടെ നിന്നാണ് കസേര നെയ്യാനുള്ള വിദ്യ സ്വായത്തമാക്കിയത്. എട്ടുവര്‍ഷത്തോളം ചൂരല്‍ വള്ളി ഉപയോഗിച്ച് കസേര നെയ്തു. കാലം മാറിയപ്പോള്‍ പ്ലാസ്റ്റിക് വള്ളികളുപയോഗിച്ചു. ജോലിചെയ്ത കട പൂട്ടിപ്പോയതോടെ അദ്ദേഹം അത് സ്വയം തൊഴിലാക്കി മാറ്റി.
യൗവന കാലത്ത് ദിവസം ആറ് കസേരകള്‍വരെ നെയ്തിരുന്നുവെന്ന് സുബ്രഹ്മണ്യന് ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ ദിവസം രണ്ട്. രണ്ടെണ്ണം നെയ്താല്‍ മൂന്നുരൂപ കൂലി കിട്ടിയിരുന്ന കാലത്തു നിന്ന് 600 രൂപ കൂലിയിലേക്ക് നാട് മാറി. രണ്ട് കസേരകള്‍ നെയ്യാന്‍ വള്ളിയുടെ വിലയടക്കം 920 രൂപയാണ് കൂലിയിനത്തില്‍ ഇപ്പോള്‍ അദ്ദേഹം ഈടാക്കുന്നത്. ഇത്തരം കസേരകളില്‍ നിന്ന് സോഫകളിലേക്കും കുഷന് കസേരകളിലേക്കും ഇരിപ്പിടം വഴിമാറിയതോടെ ഇത്തരം ജോലികള്‍ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്തും ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാലത്തും സുബ്രഹ്മണ്യന് ശ്രമം ഉപേക്ഷിച്ചില്ല.
സുബ്രഹ്മണ്യന് ഓര്‍മ്മിപ്പിക്കുന്നത് പുനരുയോഗത്തിന്റെയും പ്രകൃതിവിഭവ പരിപാലനത്തിന്റെയും സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്. സിവില്‍ സ്റ്റേഷന്, പിഡബ്ല്യുഡി, എല്‍ഐസി ഓഫീസ് എന്നിവിടങ്ങളിലെ സ്ഥിര സാന്നിധ്യമായ ഇദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ കസേര നെയ്യുന്ന സുബ്രഹ്മണ്യനാണ്.
പ്രധാനമന്ത്രി മന് കീ ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബ്രഹ്മണ്യന് വിശിഷ്ട വ്യക്തിയെന്ന പരിഗണനയുമായി. രാഷ്ട്രീയ സാമൂഹിക മേഖലയില്‍ നിന്നുള്ള പലരും അദ്ദേഹത്തെ വീട്ടിലെത്തി അനുമോദിച്ചു.
സുബ്രഹ്മണ്യന് തന്റെ ജീവിതം കരുപ്പിടിപ്പിച്ച ഈ തൊഴില്‍ അന്യം നിന്നുപോകാതിരിക്കാന്‍ മക്കളെയും പഠിപ്പിച്ചിട്ടുണ്ട്. അവരും ആവശ്യം വന്നാല്‍, നെയ്യുന്നവരാണ്.
കുടുംബത്തെ അല്ലലറിയാതെ വളര്‍ത്താന്‍ സഹായിച്ച തൊഴിലിനെ പ്രധാനമന്ത്രിതന്നെ പ്രകീര്‍ത്തിച്ചപ്പോള്‍ സുബ്രഹ്മണ്യന് നെയ്തെടുത്ത ലോകത്തിന് പുതിയ അഴകുണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: