പാംപ്ലോന: സ്പാനിഷ് ലാലിഗയില്‍ വമ്പന്മാരായ ബാഴ്സയ്ക്ക് സീസണിലെ ആദ്യ തിരിച്ചടി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഓസാസൂനയാണ് ടീമിനെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു ബാഴ്സയ്ക്കെതിരായ വിജയം.
മത്സരത്തില്‍ പന്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തത് ബാഴ്സയാണ്. എന്നാല്‍ കിട്ടിയ അവസരങ്ങളിലും കൗണ്ടര്‍ അറ്റാക്കുകളിലും നീളന്‍ പാസുകള്‍ കൃത്യമായി പ്രയോജനപ്പെടുത്തി ഓസാസൂന ബാഴ്സയുടെ കഥ കഴിക്കുകയായിരുന്നു.
മുന്‍നിര താരം ആന്റെ ബുഡിമിര്‍ ഒസാസുനയ്ക്കായി ഇരട്ടഗോള്‍ നേടി. ബ്രയാന്‍ സറഗോസയും അബേല്‍ ബ്രെട്ടോനെസും ആണ് മറ്റ് രണ്ട് ഗോള്‍ സ്കോറര്‍മാര്‍. ബാഴ്സയുടെ രണ്ട് ഗോളും വീണത് രണ്ടാം പകുതിയിലാണ്. 53-ാം മിനിറ്റില്‍ ടീം 2-0ന് പിന്നില്‍ നില്‍ക്കെ പാവു വിക്ടര്‍ ബാഴ്സയ്ക്കായി ആദ്യ ഗോള്‍ മടക്കി. പിന്നീട് 4-1ന് കളി ഏറെക്കുറേ നഷ്ടപ്പെട്ട നിലയില്‍ നില്‍ക്കെ കൗമാര താരം ലാമിന് യമാലിന്റെ മനോഹരമായ ലോങ് റേഞ്ചര്‍ ഓസാസനു വലയില്‍ കയറി.
ബാഴ്സയുടെ വളരെ ചെറിയ പിഴവുകള്‍ നന്നായി മുതലെടുത്തുകൊണ്ടായിരുന്നു ഓസാസനുയുടെ നാല് ഗോളുകളും. 18-ാം മിനിറ്റില്‍ ഡെഡ്ലോക്ക് ബ്രേക്ക് ചെയ്ത അവര്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകളടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാഴ്സ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഓസാസൂന പതറാതെ നിലകൊണ്ട് രണ്ട് ഗോളുകള്‍ കൂടി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: