ന്യൂദൽഹി : പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്‌ക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി റെയിൽവേ. കുംഭമേളയിൽ 30 കോടി മുതൽ 50 കോടി വരെ ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വിവിധ നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് 6,580 റെഗുലർ ട്രെയിനുകൾ കൂടാതെ 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.
പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനൊപ്പം യാത്രക്കാർക്കായി വിവിധ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനുമായി മന്ത്രാലയം 933 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനുകളുടെ സുഗമമായ ഗതാഗതത്തിനായി പ്രയാഗ്‌രാജ് ഡിവിഷനിലും സമീപ പ്രദേശങ്ങളിലും 3,700 കോടി രൂപ ചെലവിൽ റെയിൽവേ ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
അതേ സമയം ജനുവരി 12 ന് ആരംഭിക്കുന്ന കുംഭമേളയിൽ ഭക്തരുടെ വൻ തിരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ ചേർന്നു. വടക്കൻ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ തുടങ്ങിയ സോണുകളിലെ ജനറൽ മാനേജർമാർ ഉൾപ്പെടെയുള്ള മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസുകൾ നടത്തുകയും തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം നടത്തുകയും ചെയ്തു.
അതേ സമയം വാരണാസിക്കും ജുസിക്കും ഇടയിലുള്ള റെയിൽ പാതകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതായും പ്രയാഗ്‌രാജ്-റാംബാഗ്-ജൂസി, ജങ്ഹായ്-ഫഫാമൗ പാത എന്നിവ കുംഭമേള ആരംഭിക്കുന്നതിന് മുമ്പുതന്നെ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: