രാമേശ്വരം : തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്ത് നിന്ന് 17 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ഞായറാഴ്ച രാവിലെ പിടികൂടി. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.
മത്സ്യത്തൊഴിലാളികളായ തങ്കച്ചിമഠം വ്യാദരാജ്, തങ്കച്ചിമഠം സെൽവം എന്നിവരുടെ ബോട്ടുകളും മറ്റ് തൊഴിലാളികളായ മാർക്മില്ലൻ, മിൽട്ടൺ, റൊണാൾഡ് , സെസുരാജ, ജീവൻ ഫ്രഷർ, സുരേഷ് , അരുൾ ദിനകരൻ , ദുരൈ , മരിയ സെറ്റിൻ , അർദിയ നിച്ചോ, ജെബാസ്റ്റ്യൻ, രാജീവ്, വിവേക് , ഇന്നാച്ചി , സാമുവൽ , ബ്രിച്ചൻ , ഭാസ്‌കരൻ എന്നിവരെയുമാണ് പിടികൂടിയത്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞ ദിവസം രാമേശ്വരം ഫിഷറീസ് അധികൃതരുടെ അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം 309 ബോട്ടുകളുമായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾ നെടുന്തീവിനടുത്തുള്ള പാക്ക് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു.
ഇതിനിടയിലാണ് ശ്രീലങ്കൻ നാവിക സേന രണ്ട് ബോട്ടുകളെ പിടികൂടിയതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി മാന്നാർ തുറമുഖത്തേക്ക് കൊണ്ടുപോയിയെന്നാണ് വിവരം. അതേ സമയം മേഖലയിലെ മത്സ്യബന്ധന പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് അസോസിയേഷൻ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി.
നേരത്തെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 19 മത്സ്യത്തൊഴിലാളികളെ ഈ മാസം ആദ്യം വിട്ടയച്ചിരുന്നു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്ന സംഭവത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ എടുത്തിട്ടുണ്ട്.
അടുത്തിടെ ഇത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഉത്കണ്ഠയ്‌ക്ക് മറുപടിയായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വ്യക്തമായി അറിയിച്ചിരുന്നു. ഈ വിഷയത്തിൽ സജീവമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ജാഫ്‌നയിലെ കോൺസുലേറ്റും തടങ്കലിൽ കഴിയുന്നവരെ വേഗത്തിൽ മോചിപ്പിക്കുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: