ടെല്‍ അവീവ്: ശത്രുപാളയത്തില്‍ കയറി ശത്രുവിനെ ചാമ്പലാക്കിയതിനു പിന്നാലെ ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും ശക്തമായി താക്കീതു നല്കി ഇസ്രയേല്‍. ഇസ്രയേല്‍ പൗരന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന് നസ്റുള്ളയെ വധിച്ചതിന് ശേഷമാണ് ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും പൗരന്മാര്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയിലേക്ക് എത്തിച്ചേരാന്‍ തങ്ങള്‍ക്കാകുമെന്ന സൂചന നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് മിഷന് പൂര്‍ത്തിയാക്കിയതെന്നും ഹലേവി പറഞ്ഞു.
വളരെ കാലമായി ആസൂത്രണം ചെയ്യുകയായിരുന്നു. അത് കൃത്യസമയത്ത് കൃത്യതയോടെ പൂര്‍ത്തീകരിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണെന്നും ഹലേവി വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ 80 ബോംബുകളിട്ടുവെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നത്. ഒരു ടണ്‍ സ്ഫോടകവസ്തുക്കളാണ് ഒരു ബോംബിലുള്ളത്. വെള്ളിയാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കരയുദ്ധത്തിന്റെ മുന്നറിയിപ്പ് നല്കി ഇസ്രയേല്‍ സൈന്യം ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. കരവഴി ലെബനനിലേക്ക് കടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നീക്കം. യുദ്ധത്തിന് തയാറായിരിക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് സൈന്യത്തോട് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: