കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതും അങ്ങേയറ്റം ഗുരുതരവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് എസ്എച്ച്ഒ അഭിജിത് മൊണ്ടലിനേയും, സന്ദീപ് ഘോഷിനേയും അറസ്റ്റ് ചെയ്തത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് കേസ് ഡയറിയില്‍ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന സന്ദീപ് ഘോഷിന്റെ അഭിഭാഷകന് ഉയര്‍ത്തിയ വാദത്തേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സന്ദീപ് ഘോഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനാകും. ഇയാള്‍ക്ക് വധശിക്ഷ ഉറപ്പാകുമെന്നും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് ഡേ വ്യക്തമാക്കി. അഭിജിത് മൊണ്ടലിന്റെ ജാമ്യാപേക്ഷയും കേടതി തള്ളി. പ്രതികളെ ജാമ്യത്തില്‍ വിടുന്നത് നിയമത്തിന് എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇരുവരെയും 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: