ചാരുംമൂട്: വിശ്വകര്‍മ്മജരിലെ സ്വര്‍ണ്ണപ്പണി ചെയ്യുന്ന വിഭാഗത്തെ ആക്ഷേപിക്കത്തക്ക രീതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി. പത്മനാഭന് ആവശ്യപ്പെട്ടു.
പരമ്പരാഗതമായി ജോലി ചെയ്യുന്ന വിശ്വകര്‍മ്മജര്‍ ഓടക്കുഴല്‍ ഊതിയല്ല സ്വര്‍ണ്ണപ്പണി ചെയ്യുന്നതെന്ന് അന്‍വര്‍ തിരിച്ചറിയണം. സ്വര്‍ണ്ണപ്പണിക്കാരുടെയും വോട്ടു വാങ്ങിയാണ് അദ്ദേഹം എംഎല്‍എ ആയതെന്ന കാര്യം ഓര്‍ക്കണം. ഹിന്ദുമത വിശ്വാസികള്‍ ഓടക്കുഴലിനെ ആരാധനായോടും ദൈവീകമായും കണക്കാക്കി വരുന്നതാണ്. പൊതുസമൂഹവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒരാള്‍ക്ക് ഈ വസ്തുത അറിയേണ്ടതാണ്. ആര്‍ഷഭാരത സംസ്കാരത്തിന്റെ നിര്‍മിതികള്‍ കെട്ടിപ്പടുത്തവരാണ് വിശ്വകര്‍മ്മജര്‍. പരമ്പരാഗതമായ കുലത്തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നതാണ് ഭാരതസംസ്കാരത്തിലെ ഊടും പാവുമായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മറ്റും. ജാതിയും, മതവും നോക്കാതെ കുറ്റക്കാരനായ വ്യക്തി ശിക്ഷിക്കപ്പെടണം.
അന്വേഷണം നടന്നുകൊണ്ടിരിക്കെ അതില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയുടെ ജാതിയെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം ഒരു പൊതുപ്രവര്ത്തകന് ചേര്‍ന്നതല്ല. കുലത്തൊഴില്‍ ചെയ്തു വരുന്നവര്‍ക്ക് മാന്യമായ ജീവിതം നയിക്കുവാന്‍ ഉള്ള സാഹചര്യം കേരളത്തിലുണ്ട്. പി.വി. അന്‍വര്‍ നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന് യോജിക്കുന്നതല്ല, സതീഷ് ടി. പത്മനാഭന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: