കൊച്ചി: പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത പെന്ഷന് പദ്ധതി നടപ്പിലാക്കണമെന്ന് രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാ സംഘ് അഖിലേന്ത്യാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക മിനിമം പെന്ഷന് ഉറപ്പാക്കുകയും, ഗ്രാറ്റിവിറ്റിയും ഫാമിലി പെന്ഷന് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന തീരുമാനം പൊതുവേ സ്വീകാര്യമാണെങ്കിലും ജീവനക്കാരുടെ വിഹിതമായി പത്ത് ശതമാനം തുക പിടിച്ചെടുക്കുന്നത് ഒഴിവാക്കി പങ്കാളിത്ത പെന്ഷന് പദ്ധതി പൂര്‍ണമായും പിന്‍വലിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. സംസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന യോഗം ദേശീയ നിര്‍വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് വിപിന്‍ കുമാര്‍ ഡോഗ്ര അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് വര്‍മ്മ, ദേശീയ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍, ദേശീയ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ബിഎംഎസ് സംഘടനാ സെക്രട്ടറി കെ. മഹേഷ്, കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: