കണ്ണൂര്‍: വിശ്വപ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തില്‍ നൈബ് റാവലായി ബ്രഹ്മശ്രീ പെരിങ്ങോട് സൂര്യരാഗ് നമ്പൂതിരിക്ക് താത്ക്കാലികനിയമനം. കോഴിക്കോട് കല്‍പ്പത്തൂരില്‍ പെരിങ്ങോട് ഗോവിന്ദന് നമ്പൂതിരിയുടേയും സത്യഭാമ അന്തര്‍ജ്ജനത്തിന്റെയും പുത്രനാണ്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിലെ കുളപ്രം ദേശത്താണ് തറവാട്ടില്ലം. ഇവരുടെ പരമ്പര കാശ്യപഗോത്രക്കാരും രാഘവപുരം സഭായോഗക്കാരും ആണ്. ഇവര്‍ കൃഷ്ണയജുര്‍വേദ തൈത്തിരീയശാഖയും ബൗധായനസൂത്രവും പിന്തുടരുന്നു.
ദല്‍ഹി ആസ്ഥാനമായുള്ള കേന്ദ്ര സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് സംസ്കൃതസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സൂര്യരാഗ് നമ്പൂതിരി സ്വപിതാവില്‍ നിന്നാണ് പാരമ്പര്യരീതിയില്‍ പൂജാവിധികള്‍ അഭ്യസിച്ചത്. ബദരീനാഥിലെ മുഖ്യപുരോഹിതനാണ് റാവല്‍ജി. ഉപപുരോഹിതനാണ് നൈബ് റാവല്‍. ഒരു ദശകത്തിലേറെ റാവല്‍ സ്ഥാനം വഹിച്ച ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി കഴിഞ്ഞ ജൂലൈ മാസത്തില്‍ സ്വമേധയാ സ്ഥാനമൊഴിഞ്ഞിരുന്നു. 2019 മുതല്‍ നൈബ് റാവലായിരുന്ന കുളപ്രത്ത് വാരണക്കോട് അമര്‍നാഥ് നമ്പൂതിരിയെ റാവല്‍ പദവിയിലേക്ക് നിയോഗിച്ചു.
ഇതേത്തുടര്‍ന്ന് നൈബ് റാവല്‍ പദവിയില്‍ വന്ന ഒഴിവിലേക്കാണ് 25കാരനായ സൂര്യരാഗ് നമ്പൂതിരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. തെഹ്രി മഹാരാജാവിന്റെ അനുജ്ഞ പ്രകാരം ബദരീനാഥ് കേദാര്‍നാഥ് മന്ദിര്‍ സമിതിയാണ് ചുരുക്കപ്പട്ടികയും അഭിമുഖവും അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ശ്രീരാഘവപുരം സഭായോഗത്തില്‍ നിന്ന് ഇത്തവണ നാമനിര്‍ദേശം ചെയ്ത മൂന്നു പേരില്‍ ഒരാളായിരുന്നു സൂര്യരാഗ് നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: