തൃശൂര്‍: ഗ്യാസ് കട്ടര്‍ ഗ്യാങ്ങ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഉത്തരേന്ത്യന്‍ കൊള്ളസംഘമാണ് കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കട്ട് ചെയ്ത് അതിലെ പണം കടത്തുകയാണ് പതിവ്. എടിഎം മാത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ കൊള്ള.
തെളിവ് അവശേഷിപ്പിക്കാതെയുള്ള എടിഎം കൊള്ള ഇങ്ങിനെ
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഈ സംഘം മോഷ്ടിക്കേണ്ട എടിഎം അടയാളപ്പെടുത്തുക. പിന്നീട് കാറില്‍ ഗ്യാസ് കട്ടറുമായി വന്ന് എടിഎം കട്ട് ചെയ്തെടുത്ത് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തി എടിഎം മെഷീനിലെ പണം വേര്‍തിരിച്ചെടുക്കും. ആ പണം കാറില്‍ കയറ്റിയ ശേഷം നേരത്തെ ദൂരെ ഒരിടത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്നറില്‍ ഓടിച്ചു കയറ്റും. അതിന് ശേഷം ആ കണ്ടെയ്നറുമായി കടന്നുകളയും. തെളിവുകള്‍ അവശേഷിപ്പിക്കാതെ. സേലം ഡിഐജി ഉമ ആണ് ഗ്യാസ് കട്ടര്‍ ഗ്യാങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
മോഷ്ടാക്കള്‍ എടിഎമ്മുകള്‍ തെരഞ്ഞെടുക്കുന്നത് ഇങ്ങിനെ
കഴിഞ്ഞ ദിവസം തൃശൂരില്‍ എത്തിയ സംഘം മൂന്ന് എടിഎമ്മുകളാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് കടത്തിയത്. തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, ഇരിങ്ങാലക്കുടയിലെ മാപ്രാണം എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകര്‍ത്തത്. ഈ മൂന്ന് എടിഎമ്മുകളും മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷന് പരിധിയിലാണ് എന്നതാണ് മറ്റൊരു സവിശേഷത. മാത്രമല്ല, ഇവയൊന്നും സിസിടിവി ക്യാമറകളുടെ കണ്വെട്ടത്തല്ലാത്ത എടിഎമ്മുകളാണ്. ഇതെല്ലാം ഗൂഗിള്‍ വഴി മനസ്സിലാക്കിയിട്ടാവും പ്രതികള്‍ ഈ എടിഎമ്മുകള്‍ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തതെന്നും കരുതുന്നു. തിരക്കൊഴിഞ്ഞ എടിഎമ്മുകളാണിവ എന്നതും പ്രതികള്‍ ഏതെങ്കിലും വിധത്തില്‍ മനസ്സിലാക്കിയിരിക്കാമെന്ന് കരുതുന്നു. ഇവയില്‍ നിന്നും അധികം പണം പിന്‍വലിക്കപ്പെട്ടിരുന്നില്ല.
കവര്‍ച്ചയ്ക്ക് ശേഷം ഷൊര്‍ണ്ണൂര്‍ പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു പ്രതികള്‍. കോയമ്പത്തൂര്‍ നഗരത്തിലൂടെ പോയ ലോറി നേരെ നാമക്കല്‍ ഭാഗത്തേക്ക് പോയി. കേരളത്തിലെ പൊലീസ് കവര്‍ച്ചാ വിവരം പുറത്തുവന്നതോടെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. കവര്‍ച്ചയെ തുടര്‍ന്ന് കേരളപൊലീസ് തമിഴ്നാട് അതിര്‍ത്തി ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷ്ണഗിരി, ഈറോഡ്, നാമക്കല്‍ എന്നിവിടങ്ങളില്‍ പൊലീസ് വലവിരിച്ചു.
സിനിമാ സ്റ്റൈല്‍ കാര്‍ ചേസ്…ഒടുവില്‍ വെടിവെയ്പിലൂടെ ഗ്യാങ്ങിനെ പിടിച്ചു
ഇതിനിടെ നാമക്കലില്‍ എത്തിയ കണ്ടെയ്നര്‍ ലോറി പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയത് സംശയം ജനിപ്പിച്ചു. പൊലീസ് ഈ കണ്ടെയ്നര്‍ ലോറിയെ പിന്തുടര്ന്നു. രക്ഷപ്പെടാനായി വേഗത കൂട്ടിയ കണ്ടെയ്നര്‍ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെ പൊലീസിന് സംശയം ഇരട്ടിച്ചു. സിനിമാസ്റ്റൈലില്‍ ആണ് തമിഴ്നാട് പൊലീസ് കണ്ടെയ്നര്‍ ലോറിയെ പിന്തുടര്ന്നത്. ലോറി വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ അക്രമികള്‍ പൊലീസിനെ ആക്രമിക്കാന്‍ ഒരുമ്പെട്ടു. പ്രതികള്‍ വെടിവെച്ചു. ഇതോടെ പൊലീസും അമ്പരന്നുവെങ്കിലും മനസ്സാന്നിധ്യം കൈവിട്ടില്ല. തമിഴ്നാട് പൊലീസും തോക്ക് കരുതിയിരുന്നു. ഉടനെ പൊലീസും പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. നിവൃത്തിയില്ലെന്ന് കണ്ടതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. വെടിവെയ്പിനിടയില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഈ ഗ്യാസ് കട്ടര്‍ ഗ്യാങ്ങ് 2021ല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ എടിഎം കവര്‍ച്ച നടത്തിയതായി പറയുന്നു. ഇവര്‍ അന്നും തമിഴ്നാട്ടില്‍ കടന്ന ശേഷം ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: