ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ ഷി-യോമി ജില്ലയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സർക്കാർ പ്രൈമറി സ്‌കൂളിലെ വാർഡനെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ഇയാളുടെ പ്രവൃത്തികൾക്ക് കൂട്ട് നിൽക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്ത മറ്റ് രണ്ട് പ്രതികൾക്ക് 20 വർഷം കഠിന തടവും വിധിച്ചു.
എട്ട് വർഷത്തിനിടെ 21 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാർഡൻ യുംകെൻ ബഗ്രയ്‌ക്ക് വധശിക്ഷയും, ഹിന്ദി അധ്യാപകരായിരുന്ന മർബോം എൻഗോംദിർ, സിങ്‌തുങ് യോർപെൻ എന്നിവർക്കുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരം പ്രതികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
യുംകെൻ ബഗ്ര 2014 മുതൽ 2022 വരെ സ്കൂൾ വാർഡനായിരുന്ന കാലത്താണ് കുട്ടികളെ ഇയാൾ അധ്യാപകരുടെ ഒത്താശയോടെ പീഡിപ്പിച്ചിരുന്നത്. കുട്ടികളിൽ ഒരാൾ തന്നെ സംഭവം പുറത്ത് പറഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കേസിന്റെ പ്രാഥമിക അന്വേഷണം ഷിയോമിയിലെ എസ്‌പി ഇറാക് ബഗ്രയുടെ നേതൃത്വത്തിലാണ് നടന്നത്. തുടർന്ന് 2022 നവംബറിൽ കേസ് എസ്ഐടിക്ക് കൈമാറുകയും എസ്ഐടി സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
അതേ സമയം സമൂഹത്തിന്റെ അവബോധത്തിനുള്ള നിർണായക വഴിത്തിരിവാണ് വിധിയെന്ന് ഇറ്റാനഗർ പോലീസ് സൂപ്രണ്ട് രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: