ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള സമ്മതം വാങ്ങണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
ഷോപ്പുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളുടെ ഭാഗമായാണ് നിർദേശം. സ്ത്രീകൾ ജോലി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമങ്ങൾക്കെതിരെ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കണം.
വനിതാ ജീവനക്കാരെ ഒരു ദിവസം എട്ട് മണിക്കൂറിൽ കൂടുതലും ആഴ്ചയിൽ 48 മണിക്കൂറും ജോലി ചെയ്യാൻ അനുവദിക്കരുത്. അവധി ദിവസം ജീവനക്കാരെ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന സ്ഥാപന ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനം നൽകണമെന്നും തൊഴിൽ വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: