നാരായണ്‍പൂര്‍: ഛത്തിസ്ഗഡിലെ നാരായണ്‍പൂരില്‍ 124 മണിക്കൂര്‍ ദൗത്യത്തില്‍ മൂന്ന് മുതിര്‍ന്ന മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് പേര്‍ക്കും കൂടി 49 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദൗത്യത്തില്‍ എകെ 47 തോക്കുകളുള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയിലെ രൂപേഷ്, സൗത്ത് ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി അംഗം ജഗ്ദീഷ്, മാവോയിസ്റ്റ് കമ്പനി നമ്പര്‍ 10ലെ അംഗം സരിത എന്ന ബാസന്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രൂപേഷിന്റെ പേരില്‍ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2009ല്‍ 29 സൈനികരുടെ ജീവനെടുത്ത മദന്‍വാഡ ആക്രമണത്തിലും പങ്കാളിയാണ്. 25 ലക്ഷം രൂപയാണ് ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
43 കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജഗ്ദീഷ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 16 ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. സരിതയ്‌ക്ക് എട്ട് ലക്ഷം രൂപയും. സപ്തംബര്‍ 22നാണ് നാരായണ്‍പൂരിലെ അബുജ്മദ് വനമേഖലയില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ദൗത്യം ആരംഭിച്ചത്.
ഛത്തിസ്ഗഡ്-മഹാരാഷ്‌ട്ര അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും ബസ്തര്‍ ഐജി സുന്ദര്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 157 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇതില്‍ 33 പേരും അബുജ്മദ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: