ആലപ്പുഴ: ജലമേളകളുടെ ഒളിമ്പിക്സ് എന്ന് കീര്‍ത്തി നേടിയ നെഹ്റുട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായില് അരങ്ങേറും, നാട് ആവേശത്തില്‍. ആഗസ്ത് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മത്സരങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. മന്ത്രി വി.എന്‍ വാസവന് മാസ്ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ കടുത്ത മത്സരത്തിന് ഒടുവില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ജലരാജാക്കന്മാരായത്. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന് ഒന്നാമതെത്തിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതെത്തിയത്. ഇത്തവണയും കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് വിലയിരുത്തല്‍. ബോട്ട് ക്ലബുകള്‍ എല്ലാം തന്നെ കടുത്ത പരിശീലനമാണ് നടത്തിയത്. വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നതിനാല്‍ അധിക ചെലവാണ് ക്ലബുകള്‍ക്ക് ഉണ്ടായത്. എങ്കിലും പരിശീലനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല, അതിനാല്‍ തന്നെ മത്സരങ്ങള്‍ തീപാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: