Kerala

അമൃതപുരിയെ ആനന്ദത്തിലാഴ്‌ത്തി അമ്മയുടെ 71ാം പിറന്നാള്‍

Published by

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 71ാം പിറന്നാള്‍ ആഘോഷമാക്കി അമൃതപുരി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. രാവിലെ 5 ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ലളിതാ സഹസ്രനാമ അര്‍ച്ചന നടന്നു. രാവിലെ 7.30 ഓടെ ആശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ സത്സംഗം ആരംഭിച്ചു.

തുടര്‍ന്ന് 9 മണിയോടെയാണ് തന്നെ കാത്തിരുന്ന ഭക്തസഹസ്രങ്ങള്‍ക്ക് മുന്നിലേക്ക് പുഞ്ചിരി തൂകി അമ്മ ജന്‍മദിനാഘോഷ വേദിയിലേക്കെത്തിയത്. തുടര്‍ന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ഗുരുപാദുക പൂജ നടന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശം നല്‍കി. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും ഭജനയും വിശ്വശാന്തി പ്രാര്‍ത്ഥനയും നടന്നു. ചടങ്ങില്‍ വച്ച് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി സമ്മാനിച്ചു.

100 പേരുടെ സമൂഹവിവാഹമാണ് ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്. എല്ലാവര്‍ക്കും അമ്മ തന്നെ വരണമാല്യം എടുത്തുനല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും ദര്‍ശനം നല്‍കി ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അമ്മ വേദിയില്‍ നിന്ന് മടങ്ങുന്നത്.സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അമ്മയ്‌ക്ക് ജന്‍മദിനാശംസകള്‍ നേരാനായി അമൃതപുരിയിലെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തരാണ് പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി അമൃതപുരിയിലെത്തിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by