തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. ഇതിന് മുന്നോടിയായി ഒക്ടോബര്‍ മൂന്നിന് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താല്പര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്നം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം വനം വകുപ്പ് പരിശോധിക്കുന്നത്. ഫണ്ടിന്റെ ലഭ്യത കുറവ് കാരണം തുച്ഛമായ പ്രതിഫലം നല്‍കുന്നതും മറ്റൊരു പ്രശ്നമാണ്. വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍, വിരമിച്ച ജവാന്മാര്, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ തുടങ്ങി ഇതില്‍ താല്പര്യമുള്ളവരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിക്കാനാണ് ആലോചിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹകരണവും പരിശോധിക്കുന്നതാണ്. ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കും നല്കി വനം വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: