കാര്‍വാര്‍: കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയ്ക്കിടെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മരിച്ച കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് കൈമാറി.മൃതദേഹാവശിഷ്ടങ്ങള്‍ വഹിക്കുന്ന ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
ആംബുലന്‍സിനെ കര്‍ണാടക പൊലീസ് അനുഗമിക്കുന്നുണ്ട്. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ലും മറ്റ് വാഹനങ്ങളില്‍ ആംബുലന്‍സിനെ അനുഗമിക്കുന്നു. അര്‍ജുന്റെ സഹോദരനും സഹോദരീ ഭര്‍ത്താവ് ജിതിനും മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫിന്റെ വാഹനത്തിലാണ് മൃതശരീരത്തെ അനുഗമിക്കുന്നത്.
വഴിമധ്യേ ഷിരൂരില്‍ എത്തുമ്പോള്‍ ഗംഗാവലി പുഴയോരത്ത് ആംബുലന്‍സ് നിര്‍ത്തി അഞ്ച് മിനിട്ട് അര്‍ജുന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്ന് സതീഷ് സെയ്ല് എം എല്‍ എ പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ അടിയന്തര സഹായം സതീഷ് സെയില്‍ കൈമാറും.ശനിയാഴ്ച രാവിലെ ആറ് മണിയോടെ അര്‍ജുന്റെ മൃതദേഹം കോഴിക്കോട് വീട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.കര്‍ണാടക സര്‍ക്കാരാണ് മൃതദേഹം വീട്ടിലെത്തിക്കാനുളള ചെലവ് വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: