ന്യൂദൽഹി: ഇസ്രായേലിലെ ഗോലാൻ കുന്നിൽ യുഎൻ ഡിസംഗേജ്‌മെൻ്റ് ഒബ്സർവർ ഫോഴ്‌സിൽ (യുഎൻഡിഒഎഫ്) സേവനമനുഷ്ഠിക്കുന്നതിനിടെ അപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യൻ സൈനികനെ ഇന്ത്യൻ പ്രതിരോധ വിഭാഗം വ്യാഴാഴ്ച ഒഴിപ്പിച്ചു. ഹവിൽദാർ സുരേഷ് ആറിനെയാണ് സൈനിക വിമാനത്തിൽ ടെൽ അവീവിൽ നിന്ന് കൂടുതൽ ചികിത്സയ്‌ക്കായി ദൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.
ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സെപ്തംബർ 20-ന് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സൈനികന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ഇസ്രായേലിലെ യുഎൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥയ്‌ക്ക് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ സുരേഷിനെ ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് സൈന്യം എക്സ് അക്കൗണ്ടിൽ പറഞ്ഞു. കരസേന, ഇന്ത്യൻ വ്യോമസേന, ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐഡിഎസ്), സൈനിക കാര്യ വകുപ്പ് (ഡിഎംഎ) എന്നിവർ സൈനികനെ ഒഴിപ്പിക്കുന്നതിൽ പങ്കാളികളായി.
ഹവിൽദാർ സുരേഷിനെ ഒഴിപ്പിച്ചതിൽ പങ്കെടുത്ത എല്ലാവരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. യുഎൻഡിഒഎഫ് എന്നത് ഇസ്രയേലിനും സിറിയയ്‌ക്കും ഇടയിൽ വെടിനിർത്തൽ കരാർ നിലനിർത്താനും ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം വേർപെടുത്തുന്നതിന് മേൽനോട്ടം വഹിക്കാനും നിയോഗിക്കപ്പെട്ട ഒരു സമാധാന സേനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: