ബെംഗളുരു: കര്‍ണാടകയില്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെ. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇനി സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെയോടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന് വെളിപ്പെടുത്തി.
കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അര്‍ജുന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല ഉളളത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ആംബുലന്‍സിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി നല്കിയാല് കാര്‍വാര്‍ എസ്പി എം നാരായണയും മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവും വഹിച്ചുളള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി.
ജൂലായ് 16 ന് രാവിലെ 8.45 നാണ് ഷിരൂരില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായത്. എന്നാല്‍ നാല് ദിവസത്തിന് ശേഷമാണ് അര്‍ജുനെ കാണാതായെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
എന്നാല്‍ ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തില്‍ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും വെളളം പൊങ്ങിയതിനാല്‍ ഫലമുണ്ടായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ കരയില്‍ മലയിടിഞ്ഞ് വീണിടത്ത് തിരച്ചില്‍ നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല.വീണ്ടും നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍ത്തി.പിന്നീട് ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് തെരച്ചില്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹഭാഗവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: