കോട്ടയം: എക്കാലത്തും മുഖ്യമന്ത്രിയുടെ വീരസ്യങ്ങള്‍ക്കെല്ലാം വ്യാഖ്യാതാവായ നിലകൊണ്ടിട്ടുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്റേതാണ് അന്‍വറിന്റെ ആക്രമണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും ശ്രദ്ധേയമായ പ്രതിരോധം. ‘പാലുതന്ന കയ്യില്‍ തന്നെ വിഷപ്പല്ല് ഇറക്കാനുള്ള അന്‍വറിന്‌റെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു അത് പാര്‍ട്ടിയുടെ ശരീരത്തെ ബാധിക്കാതിരിക്കാനുള്ള ആന്റിവെനം സിപിഎമ്മിന്റെ പക്കല്‍ ഉണ്ടെന്ന് അന്‍വര്‍ മനസ്സിലാക്കിക്കൊള്ളൂ’ എന്നാണ് ബാലന്റെ പ്രതികരണം. അതിനര്‍ത്ഥം, വിഷപ്പല്ലു പറിക്കാന്‍ പാര്‍ട്ടിക്കു കരുത്തില്ല, മറുമരുന്നു കൊടുത്ത് പാര്‍ട്ടിയെ രക്ഷിച്ചെടുക്കും എന്ന്!
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാകട്ടെ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഗുരുതരമായ ആരോപണവുമില്ല എന്നാണ് ഗോവിന്ദന്റെ കണ്ടെത്തല്‍. ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ലെന്ന ആരോപണം പ്രതിപക്ഷം പണ്ടേ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നു. അതുകൊണ്ട് എന്താണ് എന്നാണ് ഗോവിന്ദന്‍ ആരാഞ്ഞത്.
അതേസമയം കലുഷിതമായ സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്. ഉച്ചയ്‌ക്ക് ശേഷം കേന്ദ്ര കമ്മിറ്റിയും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: