ഭാരതത്തിന്റെ ദേശീയതയിലും സാംസ്കാരിക പാരമ്പര്യത്തിലും അധിഷ്ഠിതമായ സാഹിത്യത്തിനു വേണ്ടി വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട മഹാനായ എഴുത്തുകാരനായിരുന്നു സഞ്ജയന് എന്ന എം.ആര്. നായര്‍. ധര്‍മ്മനിഷ്ഠമായ സാഹിത്യപ്രവര്‍ത്തനം നടത്തിയ അപൂര്‍വം ചിലരില്‍ ഒരാള്‍. എല്ലാ അര്‍ഥത്തിലും ഭാരതീയ ജീവിതത്തിന് ഒരുതരത്തിലും യോജിക്കാത്ത പ്രത്യയശാസ്ത്രമാണ് കമ്യൂണിസം എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് അതിനെ എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഹാസ്യം എന്നത് സഞ്ജയന് ഒരു ആയുധമായിരുന്നു. സാംസ്കാരികപുരോഗതിക്കും സാമൂഹ്യജീവിതത്തിനും മാനവികതയ്ക്കും ദോഷം ചെയ്യുന്ന എന്തിനെയും എതിര്‍ക്കാനുള്ള വജ്രായുധം. ആദര്‍ശസുരഭിലമായ ഹാസ്യം ആയിരുന്നു സഞ്ജയന്റേത്. ഈ നിലകളിലാണ് സഞ്ജയന്റെ സ്മരണ പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കുന്നതിന് തപസ്യ കലാ- സാഹിത്യവേദി മുന്‍കൈയെടുത്തത്.
”സഞ്ജയനോട് തപസ്യക്കുള്ള മാനസികൈക്യത്തിനു നിദാനം അദ്ദേഹത്തിന് ഭാരതീയമൂല്യങ്ങളോടുള്ള ആദരവും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ആ മൂല്യങ്ങളെ വ്യാഖ്യാനിച്ച് വിശദീകരിക്കുന്നതിലുള്ള വൈദഗ്ധ്യമാണ്” എന്നാണ് തപസ്യ സ്ഥാപകനും വിഖ്യാത പത്രപ്രവര്‍ത്തകനുമായ വി.എം. കൊറാത്ത് വ്യക്തമാക്കിയത്.
1978 സപ്തംബറില്‍ കോഴിക്കോട്ട് അളകാപുരിയില്വച്ചാണ് തപസ്യ ആദ്യമായി ‘സഞ്ജയന് അനുസ്മരണം’ നടത്തുന്നത്. സഞ്ജയന് ജോലി ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മലയാളം അദ്ധ്യാപകരായിരുന്ന ഡോ.എ. പത്മനാഭക്കുറുപ്പ്, പ്രൊഫ.കെ. ഗോപാലകൃഷ്ണന്, പ്രൊഫ.എം.പി. ശ്രീധരന് എന്നിവരും സഞ്ജയന്റെ കര്‍മ്മ മണ്ഡലമായിരുന്ന മാതൃഭൂമിയിലെ പത്രാധിപന്മാരായ വി.എം. കൊറാത്തും ടി. നാരായണന് നമ്പീശനും ‘കേരളപത്രിക’യിലൂടെ സഞ്ജയനെ പൊതുവേദിയില്‍ കൊണ്ടുവന്ന കെ.വി. അച്യുതന്നായരുമായിരുന്നു അന്ന് ആ പരിപാടിയില്‍ സഞ്ജയനെ അനുസ്മരിച്ച് സംസാരിച്ചത്.
ആയിരത്തിതൊള്ളായിരത്തി അമ്പതുകളുടെ ഉത്തരാര്‍ധം മുതല്‍ കോഴിക്കോട് കേന്ദ്രമായി ‘സഞ്ജയന് സ്മാരകസമിതി’ എന്ന ഒരു വേദി പ്രവര്‍ത്തിച്ചുവന്നിരുന്നു. സഞ്ജയന്റെ ആത്മസുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമായിരുന്നു ആ സമിതിയില്‍ ഉണ്ടായിരുന്നത്. പ്രശസ്ത കവിയും പണ്ഡിതനുമായ വി. ഉണ്ണിക്കൃഷ്ണന്നായരായിരുന്നു അതിന്റെ അധ്യക്ഷന്‍. കെ.പി. കേശവമേനോന് അധ്യക്ഷനായ ഒരു പത്രാധിപസമിതിയുടെ നേതൃത്വത്തില്‍ ‘ഹാസ്യപ്രകാശം’ എന്ന പേരില്‍ സഞ്ജയന് സ്മാരകഗ്രന്ഥം അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹാസസാഹിത്യത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും വിലപ്പെട്ട ഗ്രന്ഥം. വര്‍ഷംതോറും സഞ്ജയന് സ്മാരകപ്രഭാഷണങ്ങളും അവര്‍ നടത്തി വന്നിരുന്നു.
1982 ജൂണ്‍ 12 ന് (സഞ്ജയന്റെ ജന്മദിനം) വി.ഉണ്ണക്കൃഷ്ണന്നായരുടെ നേതൃത്വത്തിലുള്ള സമിതിക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രയാസങ്ങള്‍ അനുഭവപ്പട്ടപ്പോള്‍ ‘ഹാസ്യപ്രകാശം’ എന്ന പുസ്തകത്തിന്റെ പകര്പ്പവകാശമടക്കമുള്ള അതിന്റെ ആസ്തിബാധ്യതകള്‍ ‘തപസ്യ’യെ ഏല്‍പ്പിക്കുകയായിരുന്നു. വി. ഉണ്ണിക്കൃഷ്ണന് നായരുടെ അനാരോഗ്യം കാരണം അദ്ദേഹം താമസിച്ചിരുന്ന കണ്ണൂരിലെ സുരേന്ദ്രനഗര്‍ കോളനിയില്‍ നടന്ന ചടങ്ങിലായിരുന്നു കൈമാറ്റച്ചടങ്ങ് നടന്നത്.
തുടര്‍ന്ന് എല്ലാ വര്‍ഷവും സഞ്ജയന്റെ ചരമദിനമായ സപ്തംബര്‍ 13 ന് തപസ്യയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ‘സഞ്ജയന് അനുസ്മരണ’പരിപാടികള്‍ തപസ്യ നടത്തിവരുന്നു. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സാഹിത്യമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സഞ്ജയന് കവിതകളുടെ സംഗീതാവിഷ്കാരങ്ങള്‍, അദ്ദേഹം രചിച്ച കൂത്തിന്റെയും പാഠകത്തിന്റെയും അവതരണം എന്നിവ അതിന്റെ ഭാഗമായി നടക്കാറുണ്ട്. സുകുമാര്‍ അഴീക്കോട്, തിക്കോടിയന്, പ്രൊഫ.എസ്. ഗുപ്തന്നായര്, അയ്യപ്പപ്പണിക്കര്‍, എ. പത്മനാഭക്കുറുപ്പ്, എം. അച്യുതന്, കെ. ഗോപാലകൃഷ്ണന്, എം.പി. ശ്രീധരന്, അമ്മാളുക്കുട്ടി.ആര്.മേനോന് തുടങ്ങി കേരളത്തിലെ പ്രാമാണികരായ സാഹിത്യനായകന്മാര് ഇതിനകം ഈ പരിപാടികളില്‍ സംബന്ധിക്കുകയുണ്ടായി.
ആ പരിപാടികളിലെ പ്രമുഖമായ പ്രസംഗങ്ങള്‍ ചേര്‍ത്ത് 2003 ല്‍ ‘സഞ്ജയസമീക്ഷ’ എന്ന പേരില്‍ ഒരു പുസ്തകം തപസ്യ പ്രസിദ്ധീകരിച്ചിരുന്നു. പ്രൊഫ.കെ.പി. ശങ്കരന്, പ്രൊഫ.കെ. ഗോപാലകൃഷ്ണന്, ഡോ.എ. പത്മനാഭക്കുറുപ്പ്, പി. നാരായണക്കുറുപ്പ്, പി.ബാലകൃഷ്ണന്, ഇ. സര്‍ദാര്‍കുട്ടി എന്നിവരുടെ പ്രസംഗങ്ങളാണ് ‘സഞ്ജയനും തപസ്യയും’ എന്ന പേരില്‍ വി.എം. കൊറാത്തിന്റെ അവതാരികയോടെ, അതില്‍ ചേര്‍ത്തിരിക്കുന്നത്.
തപസ്യയുടെ പേരില്‍ ആദ്യമായി ഒരു പുരസ്കാരം ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് ‘സഞ്ജയന് പുരസ്കാരം’ എന്നു പേരിടണമെന്ന് നിര്‍ദേശിച്ചത് വി.എം. കൊറാത്തും എം.എ. കൃഷ്ണനും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്മാഷുമാണ്. 2003 ല്‍ ആദ്യമായി ആ പുരസ്കാരം നല്‍കിയത് മഹാകവി അക്കിത്തത്തിനാണ്. തൊട്ടടുത്ത വര്‍ഷം ഒ.വി. വിജയന്. പിന്നീട് അയ്യപ്പപ്പണിക്കര്‍, ടി. പത്മനാഭന്, സി.രാധാകൃഷ്ണന്, എം.വി. ദേവന്, എസ്. രമേശന്‍നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, മാടമ്പ് കുഞ്ഞിക്കുട്ടന്‍, പി. നാരായണക്കുറുപ്പ്, പി. വത്സല, എന്‍.കെ. ദേശം. പി.ആര്. നാഥന് എന്നിവര്‍ക്കാണ് പിന്നീട് ഈ പുരസ്കാരം ലഭിച്ചത്.
ഇത്തവണത്തെ സഞ്ജയന് പുരസ്കാരം ലഭിച്ചിരിക്കുന്നത് ഡോ.എം.ജി.എസ്. നാരായണനാണ്. ചരിത്രകാരന്, ചിത്രകാരന്, സാഹിത്യനിരൂപകന്‍, കവി എന്നീ നിലകളില്‍ കഴിഞ്ഞ ആറ് ദശകത്തിലേറെക്കാലമായി നമ്മുടെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അദ്ദേഹമാണ് കേരള ചരിത്രപഠനത്തിന് രീതീശാസ്ത്രപരമായ അടിത്തറ പാകിയത്. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ കേരളത്തിലെ ഭരണസംവിധാനത്തെക്കുറിച്ചും രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക- വൈജ്ഞാനിക- സാംസ്കാരിക വികാസത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തി തെളിവുകള്‍ സഹിതം ചരിത്രനിരീക്ഷണം നടത്തിയ എംജിഎസ്സിന് സമാനനായ ഒരു ചരിത്രകാരന് കേരളത്തില്‍ വേറെയില്ല.
കേരളത്തിലുടനീളമുണ്ടായിരുന്ന താമ്ര- ശിലാ ലിഖിതങ്ങളും പഴയ തമിഴ് സംസ്കൃതം താളിയോലഗ്രന്ഥങ്ങളും പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടുള്ള ചരിത്രാന്വേഷണമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലെ വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളെക്കുറിച്ചുള്ള പരിചയവും സംസ്കൃതം, പാലി, തമിഴ്, മലയാളം ഭാഷകളിലുള്ള അഗാധജ്ഞാനവും അദ്ദേഹത്തിന്റെ ചരിത്രരചനയ്ക്ക് സഹായകമായിട്ടുണ്ട്. ”ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ചത്” എന്ന് വിഖ്യാത ചരിത്രകാരനും ഇന്‍ഡോളജിസ്റ്റുമായ എ.എല്‍. ബാഷാം വിശേഷിപ്പിച്ചത് എംജിഎസ്സിന്റെ ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന ഗവേഷണ പ്രബന്ധത്തെയാണ്. ലണ്ടന്‍ സര്‍വകലാശാലയിലെ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്കോ സര്‍വകലാശാലയിലെ വിസിറ്റിങ് ഫെലോ, ടോക്യോവിലെ വിസിറ്റിങ് പ്രൊഫസര്‍ എന്നീ സ്ഥാനങ്ങളിലേക്ക് എംജി.എസ്സിനെ പരിഗണിച്ചത് അദ്ദേഹത്തിന്റെ ഗവേഷണമേന്മകൊണ്ട് മാത്രമാണ്. കോളജുകളിലോ സര്‍വകലാശാലകളിലോ കുറച്ചുകാലം ചരിത്രം പഠിപ്പിച്ച അദ്ധ്യാപകസേവനം
വെച്ച് കേരളത്തില്‍ വലിയ ചരിത്രകാരരെന്ന് മേനി നടിച്ചുനടക്കുന്നവരുടെ ഇടയില്‍ എംജിഎസ്സിനൊപ്പം തലപ്പൊക്കമുള്ള ഒരാള്‍ പോലുമില്ല എന്നതാണ് സത്യം.
ചരിത്രത്തെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തെറ്റായി വ്യാഖ്യാനിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന പല ഭാരതീയ ചരിത്രകാരന്മാര്ക്കും കണ്ണിലെ കരടായിരുന്നു എം.ജി.എസ്. നാരായണന്. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ശരിയായ ചരിത്രനിരീക്ഷണങ്ങള്‍ ഇടതുപക്ഷക്കാര്‍ക്കും ഇസ്ലാമികവാദികള്‍ക്കും ചാരിത്ര്യദോഷമായാണ് തോന്നിയത്. തന്റെ നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയാറാവാതിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്നും ധീരവും ഉറച്ചതുമായിരുന്നു.
തപസ്യ തുടങ്ങിയ കാലം മുതല്ക്കേ അതുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഡോ.എം.ജി.എസ്. നാരായണന്. തപസ്യ രൂപീകരിച്ച് തൊട്ടടുത്തുതന്നെയായിരുന്നു പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കര്‍ അന്തരിച്ചത്; 1977 ജനുവരിയില്‍. അന്ന് തപസ്യ നടത്തിയ കെസിഎസ് അനുസ്മരണത്തില്‍ പ്രഭാഷണം നടത്തിയത് എംജിഎസ് ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് തപസ്യയുടെ എത്രയോ വേദികളില്‍ അദ്ദേഹം പങ്കെടുത്തു.
1994 ല്‍ ‘തപസ്യ’യുടെ 17-ാം വാര്‍ഷികാഘോഷം കോഴിക്കോട്ട് നടക്കുകയാണ്. ഒരു സെഷനിലെ മുഖ്യപ്രഭാഷകനായ പ്രൊഫ.കെ.പി. ശങ്കരന് പെട്ടെന്ന് വരാന്‍ കഴിയാതെ വന്നു. പകരമെന്തുചെയ്യുമെന്ന് വിഷമിച്ചിരിക്കെ പരിപാടിയുടെ അന്ന് രാവിലെ വി.എം. കൊറാത്ത്, എം.ജി.എസ്. നാരായണനെ വിളിച്ച് കാര്യം പറഞ്ഞു. (ദീര്‍ഘകാലത്തെ ജപ്പാന്വാസം കഴിഞ്ഞ് എംജിഎസ് കോഴിക്കോട്ട് തിരിച്ചെത്തി രണ്ടുമൂന്നു ദിവസം കഴിഞ്ഞേയുള്ളൂ അപ്പോള്‍) പകരക്കാരനായി വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോയെന്ന് ഞങ്ങള്‍ ശങ്കിച്ചിരുന്നു. ഒരു മടിയുംകൂടാതെ എംജിഎസ് ഉടന്‍ സമ്മതിക്കുകയായിരുന്നു. ”കൊറാത്ത് വിളിക്കുമ്പോള്‍ ഞാനെങ്ങനെ വയ്യെന്ന് പറയും” എന്നാണ് അദ്ദേഹം പറഞ്ഞത്. വന്ന് ഉജ്ജ്വലമായ പ്രഭാഷണം നടത്തി. ‘ഭക്തിപ്രസ്ഥാനം മലയാളസാഹിത്യത്തില്‍’ എന്ന വിഷയത്തില്‍.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും തപസ്യയുടെ രക്ഷാധികാരിയുമായിരുന്ന പി. പരമേശ്വരനുമായി അങ്ങേയറ്റും ആത്മബന്ധം പുലര്‍ത്തിയിരുന്ന എം.ജി.എസ്. നാരായണന് മഹാകവി അക്കിത്തം, വി.എം.കൊറാത്ത് തുടങ്ങിയ തപസ്യ നേതാക്കളുമായും വളരെ അടുത്ത സൗഹൃദബന്ധമാണുണ്ടായിരുന്നത്. തപസ്യ പ്രവര്‍ത്തകര്‍ എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിട്ടുണ്ട്. അപ്പോഴൊക്കെ സന്തോഷത്തോടെ സ്വീകരിക്കുകയും ദീര്‍ഘനേരം സംസാരിക്കുകയും പ്രവര്‍ത്തനത്തിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം വീട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹത്തെ ഒരു മാസം മുമ്പ് തപസ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരവ് അര്‍പ്പിച്ചിരുന്നു. അമ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന തപസ്യക്ക് ആശംസകള്‍ നേരുകയായിരുന്നു അദ്ദേഹമപ്പോള്‍ ചെയ്തത്.
(തപസ്യ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: