കേരളം മുഴുവന്‍ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ്, കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തി എന്നത്. 72 ദിവസത്തെ കാത്തിരുപ്പിനൊടുവിലാണ് ഗംഗാവലി പുഴയില്‍നിന്നു ലോറിയും അതിനുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. പുഴയുടെ ആഴങ്ങളില്‍ ലോറിയേയും അതില്‍ കുടുങ്ങിയ മനുഷ്യന്റെ ശേഷിപ്പുകളെയും തിരഞ്ഞത് നിശ്ചയദാര്‍ഢ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും പ്രതീക്ഷയുടേയും ഒക്കെ വലിയ രേഖപ്പെടുത്തലായി. സൈന്യവും മുങ്ങല്‍ വിദഗ്ധരും പൊലീസും സര്‍ക്കാര്‍ വകുപ്പുകളും ഒപ്പം മാധ്യമങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച യത്നമാണ് വിജയത്തിലെത്തിയത്. അവസാനം അവകാശവാദവുമായി ചിലര്‍ കളംപിടിക്കുന്നുണ്ടെങ്കിലും നിരവധി ഒര്മ്മപ്പെടുത്തലുകള് നല്‍കിയാണ് സംഭവബഹുലമായ ഈ ദുരന്ത നാടകം അവസാനിക്കുന്നത്.
ജൂലൈ 16നായിരുന്നു മണ്ണിടിച്ചില്‍. ദുരന്ത ശേഷം നാലാം ദിനമാണ് അര്‍ജുനെ കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പലതവണ ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അനാസ്ഥയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മലയാള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് കാര്യങ്ങള്‍ക്ക് അനക്കം വെച്ചത്. തിരച്ചില്‍ ആരംഭിച്ച് ആദ്യ 13 ദിനങ്ങളിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതോടെ ദൗത്യം നിര്‍ത്തിവച്ചു. പിന്നീട് ആഗസ്തില്‍ ദൗത്യം പുനരാരംഭിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വീണ്ടും നിര്‍ത്തി. ഒടുവില്‍ ഡ്രഡ്ജര്‍ എത്തിച്ചതോടെയാണ് ദൗത്യം വീണ്ടും ആരംഭിച്ചതും ഫലം ഉണ്ടായതും. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മുന്നിലുണ്ടെങ്കിലും തുടക്കത്തില്‍ അവര്‍ കാണിച്ച അനാസ്ഥ മാപ്പ് അര്‍ഹിക്കാത്തതാണ്. മഴ ശക്തമായതും മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയവും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും ഗൗരവ പൂര്‍ണ്ണമായ സമീപനം ഉണ്ടായില്ല എന്നത് അംഗീകരിച്ചേ പറ്റൂ. രണ്ടുതവണ നിര്‍ത്തിവച്ച തെരച്ചില്‍ ഒരു തവണ കേരളത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നും രണ്ടാമത് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നുമാണ് പുനരാരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായതുതന്നെ ഏറെ വൈകിയാണ്. അതും അര്‍ജുന്റെ കുടുംബം നിരന്തരം ആവശ്യപ്പെടുകയും ഭാര്യ ‘രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം വേണം’ എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത ശേഷം. ദുരന്ത നിവാരണസേനയും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും സജീവമായി രംഗത്തിറങ്ങി. റഡാര്‍, സോണാര്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ലോറി നദിയില്‍ ഉണ്ടെന്ന് ബോധ്യമായി. ശക്തമായ അടിയൊഴുക്കുകാരണം പുഴയുടെ അടിത്തട്ടില്‍ കാര്യമായ തെരച്ചില്‍ അസാധ്യമായിരുന്നു. മൂന്നാംഘട്ട തെരച്ചിലില്‍ നേവി സംഘം അടയാളപ്പെടുത്തിയ പോയിന്റുകളില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ലോറിയും ഉളളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്.
രാവും പകലും തെരച്ചിലിന് ഒപ്പമുണ്ടായിരുന്ന പോലീസ്, നേവി, മുങ്ങല്‍ വിദഗ്ധര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥലം എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തിന് മാര്‍ക്കിടാതെ വയ്യ. മലയാള മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമായി. മിക്ക മാധ്യമങ്ങളും ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച സന്ദര്‍ഭമായിരുന്നു ഇത്. അതിനിടയിലും ചില ചാനലുകള്‍ കാണിച്ചുകൂട്ടിയ നിലവിട്ട വിക്രിയകള്‍, റേറ്റിങ് കൂട്ടാനുള്ള തത്രപ്പാടെന്നു കരുതി അവഗണിക്കാം.
ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും എന്നു കരുതി മലയാളികള്‍ ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല. കുടുംബത്തിന്റെയും നാടിന്റേയും ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്ജുന് മാറി. കുടുംബത്തിന്റെ തീരാ വേദനയില്‍ ജന്മഭൂമിയും പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: