ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ഉദ്യോഗസ്ഥര്‍ ഹരിയാനയിലെ വിനേഷ് ഫേഗട്ടിന്റെ വീട്ടില്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് വിധേയയായില്ല. നാഡയില്‍ നിലവിലും അംഗമെന്ന നിലയ്ക്ക് ടെസ്റ്റിംഗ് പൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കായികതാരങ്ങളെയും പോലെ വിനേഷും ഉത്തേജക പരിശോധനയ്ക്കായി താമസം, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മുന്നറിയിപ്പില്ലാതെയുള്ള പരിശോധനയ്ക്ക് വിധേയയാകണമെന്നുമാണ് നിബന്ധന. ആഗസ്റ്റില്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് അയോഗ്യയായതിന് ശേഷം വിനേഷ് മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല . ഉത്തേജക പരിശോധനയില്‍ നിന്ന് വിട്ടു നിന്ന സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് നാഡ വിനേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിനേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹരിയാന അസംബ്ളിയിലേക്ക് മല്‍സരിക്കുകയാണ് . അതിനാല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ പോലും അതു രാഷ്ട്രീയ വിവാദമാക്കി മാറ്റാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: