ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ നിരന്തരം വിമര്‍ശിച്ചിരുന്ന, ഭാരത് ജോഡോ യാത്രയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്ന മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന് ആദ്യമായി മോദിയെ സ്തുതിച്ചു. കഴിഞ്ഞ 10 വര്‍ഷക്കാലം ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനം ഗംഭീരമായിരുന്നുവെന്നാണ് രഘുറാം രാജന്റെ പ്രശംസ.
കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ അരുമശിഷ്യനും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന് കഴിഞ്ഞ പത്ത് വര്‍ഷമായി മോദിയെയും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളേയും സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ എന്താണ് പൊടുന്നനെ മോദിയെ പ്രശംസിക്കാന്‍ ഉണ്ടായ ചേതോവികാരം എന്നറിയുന്നില്ല.
പിടിഐ എന്ന വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ ഈ മോദീസ്തുതി. ഏറ്റവുമൊടുവില്‍ സേവനരംഗത്ത് ശക്തമായ ഇന്ത്യയെ ഉല്പാദനരംഗത്തുകൂടി ശക്തമാക്കാന്‍ മോദി ശ്രമിച്ചിരുന്നതിനെയും രഘുറാം രാജന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ചൈനയ്ക്ക് പകരം മറ്റൊരു രാജ്യത്തെ ഉല്പാദനത്തിനായി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഗോള തലത്തില്‍ വളരാനുള്ള ഇന്ത്യയുടെ സാധ്യത മുന്നില്‍ക്കണ്ട് മോദി ഉല്പാദനരംഗത്തേക്ക് കൂടി ഇന്ത്യയെ വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചത്. വലിയ തോതില്‍ ഉല്പാദനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കമ്പനികളോട് ഇന്ത്യയില്‍ ഉല്പാദനം ആരംഭിക്കാന്‍ മോദി നിര്‍ബന്ധിച്ചിരുന്നത്. ഇതിന് ഫലവും കണ്ടു. ആപ്പിള്‍ അവരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്. അതുപോലെ ഇലക്ട്രോണിക്സ് ഉല്പാദനത്തിലും ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്.
വിദേശത്തുനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കാതെ ഇന്ത്യയ്ക്കകത്ത് ഉല്പാദനം കുതിച്ചുയര്ത്തുക, അതുവഴി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുക, ഇന്ത്യയെ ചൈനയുടെ നിലവാരത്തിലുള്ള ഒരു ആഗോള ഉല്പാദനകേന്ദ്രമാക്കി മാറ്റുക- ഇതായിരുന്നു മോദിയുടെ ആശയം. ഉല്പാദനം വര്‍ധിപ്പിച്ചാലേ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന കണ്ടെത്തലില്‍ നിന്നാണ് മോദി അതിന് തുനിഞ്ഞത്. തൊഴിലില്ലായ്മ കൂടി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയെ സാമ്പത്തികമായി ശരിയ്ക്കും മുന്നേറ്റാന്‍ കഴിയൂ എന്നും മോദി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പെടെ 14 മേഖലകളില്‍ ആണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഉല്പാദനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ നല്‍കുന്നത്. വന്‍തോതില്‍ ഉല്പന്നങ്ങള് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് വൈദ്യുതിനിരക്ക്, സ്ഥലം തുടങ്ങിയ കാര്യങ്ങളില്‍ വന്‍ ഇളവ് അനുവദിക്കുന്നത്.
പക്ഷെ ഇന്ത്യയ്ക്ക് ഒരിയ്ക്കലും ഉല്പാദനമേഖലയില് ചൈനയുമായി മത്സരിച്ച് പിടിച്ചുനില്ക്കാന് കഴിയില്ലെന്നും സേവനരംഗത്ത് മാത്രം ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഉള്ള അഭിപ്രായക്കാരനായിരുന്നു രഘുറാം രാജന്. പക്ഷെ ഇപ്പോള്‍ രഘുറാം രാജന്റെ അഭിപ്രായത്തിന് മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. ഉല്പാദന രംഗത്തും ഇന്ത്യ ശോഭിക്കുന്നുണ്ടെന്നും പക്ഷെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും മാത്രമാണ് ഇപ്പോള്‍ രഘുറാം രാജന് പറയുന്നത്. പ്രാദേശികമായ ഉല്പാദനവും വര്‍ധിപ്പിക്കണമെന്നും അതുവഴ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ കൂടി ശ്രദ്ധ ചെലുത്തണമെന്നും ആണ് ഇപ്പോള്‍ രഘുറാം രാജന് ഉയര്‍ത്തുന്ന വിമര്‍ശനം.
മോദിയുടെ വിമര്‍ശകരായ പലരും പിന്നീട് മോദിയുടെ സ്തുതിപാഠകരായി മാറിയിട്ടുണ്ട്. എഴുത്തുകാരി ശോഭ ഡേ, കശ്മീരില്‍ നിന്നുള്ള ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി നേതാവ് ഷെഹ് ല റഷീദ്, ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത തുടങ്ങി കടുത്ത മോദി വിമര്‍ശകരായ പലരും പിന്നീട് മോദിയെ സ്തുതിക്കുന്നവരായി മാറിയിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ലിസ്റ്റിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുന്നു- രഘുറാം രാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: