ദുബായ് : ഒമാനിൽ പ്രവാസികളെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അടുത്തിടെ ഇന്ത്യക്കാരായ നിരവധി പ്രവാസികൾ വിവിധ വ്യാജ ഫോൺകോൾ, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളായി സാമ്പത്തികമടക്കം നഷ്ടമായ സാഹചര്യത്തിലാണ് എംബസി അറിയിപ്പുമായി രംഗത്തെത്തിയത്.
നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളിൽ പ്രധാനമായും എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കോളുകളെ കുറിച്ചും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് എംബസിയുടെ ഔദ്യോഗിക ഫോൺ നമ്പറുമായി സാമ്യം തോന്നുന്ന നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോളുകൾ ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രവാസികളുടെ പാസ്സ്‌പോർട്ട്, എമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനായി പണം ആവശ്യപ്പെട്ടുകൊണ്ടാണ് സാധാരണയായി ഇത്തരം തട്ടിപ്പ് ഫോൺ കോളുകൾ വരുന്നതെന്ന് എംബസി കൂട്ടിച്ചേർത്തു. എംബസിയുടെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പറായ ‘80071234’ എന്ന നമ്പറുമായി സാമ്യം തോന്നിക്കുന്ന ‘+180071234’ എന്ന നമ്പറിൽ നിന്നാണ് ഈ തട്ടിപ്പ് കോളുകൾ വരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ഉപയോഗിക്കുന്ന ‘80071234’ എന്ന ഔദ്യോഗിക ഫോൺ നമ്പർ പ്രവാസികളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുന്നതിന് മാത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഈ നമ്പറിൽ നിന്ന് പുറത്തേക്കുള്ള കോളുകൾ പതിവില്ലെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.
‘+180071234’ എന്ന നമ്പറിൽ നിന്നുള്ള കോളുകൾ വ്യാജമാണെന്നും, ഇത്തരം കോളുകൾക്ക് മറുപടിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും പങ്ക് വെക്കരുതെന്നും പ്രവാസികളോട് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. എംബസിയിൽ ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം മാത്രം പണമിടപാടുകൾ നടത്താനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രാലയത്തിന്റേതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ലിങ്കുകൾ ഉപയോഗിച്ച് കൊണ്ട് നടക്കുന്ന ഇത്തരം ഒരു ഓൺലൈൻ തട്ടിപ്പ് പദ്ധതി ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
നേരത്തെ ഒമാനിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന വിവിധ രീതികളിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും (റ്റിആർഎ) മുന്നറിയിപ്പ് നൽകിയിരുന്നു.
ഐഡി കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി റ്റിആർഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് റ്റിആർഎ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: