ബാങ്കോക്ക് : രാജ്യത്തെ വിവാഹ സമത്വ നിയമത്തിന് രാജകീയ അംഗീകാരം നല്‍കിയതിന് പിന്നാലെ ബാങ്കോക്കിലെ തെരുവുകളില്‍ ആഘോഷങ്ങള്‍ അരങ്ങേറി. തെക്കുകിഴക്കന്‍ ഏഷ്യയിലെ സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി തായ്ലന്ഡ് മാറി.
വിവാഹ തുല്യതാ ബില്ലിന് മാര്‍ച്ചില്‍ ജനപ്രതിനിധി സഭയും ജൂണില്‍ സെനറ്റും അംഗീകാരം നല്കി . റോയല്‍ ഗസറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. 120 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും, സ്വവര്‍ഗ ദമ്പതികള്‍ക്ക് 2025 ജനുവരി 22-ന് നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുമെന്നത് കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രചാരണ വാഗ്ദാനമായിരുന്നു. മുന്‍ പ്രധാനമന്ത്രി ശ്രേത്ത തവിസിന്, ‘തായ് സമൂഹത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പായി നിയമത്തെ വിശേഷിപ്പിച്ചു.
‘ഒരു പുരുഷനും സ്ത്രീയും’ എന്നതില്‍ നിന്ന് ‘രണ്ട് വ്യക്തികള്‍’ എന്നതിലേക്ക് വിവാഹത്തിന്റെ ഘടന മാറ്റുന്നതിന് രാജ്യത്തെ സിവില്‍, കൊമേഴ്സ്യല്‍ കോഡിലെ 68 വ്യവസ്ഥകള്‍ ബില്‍ ഭേദഗതി ചെയ്യും. ഇത് അവരുടെ ഔദ്യോഗിക നിയമപരമായ പദവിയെ ‘ഭര്ത്താക്കന്മാരും ഭാര്യയും’ എന്നതില്‍ നിന്ന് ‘വിവാഹിതരായ ദമ്പതികള്‍’ ആയി മാറ്റുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: