ബെയ്‌റൂട്ട്: ലബനനിലെ ഭീകരഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമായ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ലബനനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ സാഹചര്യം രൂക്ഷമാണെന്നും എംബസി അറിയിച്ചു. ലബനില്‍ കഴിയുന്നവര്‍ ഇമെയില്‍ വഴി ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു. എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്‍ക്ക് [email protected]
അല്ലെങ്കില്‍ +96176860128 ഫോണ്‍ നമ്പരും എംബസി നല്‍കി.
ഹിസ്ബുള്ളകള്‍ ടെല്‍ അവീവിലേക്കു മിസൈല്‍ തൊടുത്തതിനു പിന്നാലെ ഇസ്രയേലി വ്യോമസേന വീണ്ടും ലബനനില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ 280 ഭീകര കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. 51 പേര്‍ കൊല്ലപ്പെടുകയും 220 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: