കൊച്ചി: ഭാരതത്തിലെത്തിയ ബംഗ്ലാദേശിന് ആതിഥേയര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ മൂന്ന് മത്സര ട്വന്റി20 കൂടി കളിക്കും. ഇതിലേക്ക് മലയാളി താരം സഞ്ജു വി. സാംസണ് തെരഞ്ഞെടുക്കപ്പെടുമോയെന്നാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്ന്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന്റെ സാധ്യത മറികടന്ന് വേണം സഞ്ജുവിന് ഈ വലിയ മുന്നേറ്റം സാധ്യമാക്കാന്‍. അടുത്തിടെ അവസാനിച്ച ദുലീപ് ട്രോഫി ക്രിക്കറ്റിലെ പ്രകടനമാണ് സഞ്ജുവിന്റെ പേര് ക്രിക്കറ്റ് ലോകം സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ദുലീപ് ട്രോഫിയില്‍ സഞ്ജുവും ഇഷാന് കിഷനും ഒരു സെഞ്ചുറി അടക്കം മികച്ച പ്രകടനം കാഴ്ച്ചവച്ച് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു മത്സരത്തില്‍ സെഞ്ചുറിയും(106) 45 റണ്‍സും മറ്റൊരു മത്സരത്തിലെ ഒരു ഇന്നിങ്സില്‍ 45 റണ്‍സും ആണ് സഞ്ജുവിന് എടുത്ത് പറയാനുള്ളത്. അവസരം കിട്ടിയ രണ്ട് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 196 റണ്‍സ്. അതേസമയം ഇഷാന് കിഷന്റെ പേരില്‍ ഒരു സെഞ്ചുറി(111) മാത്രമാണ് പറയാനുള്ളത്. ബാക്കിയുള്ളവയില്‍ വലിയ കാര്യമായൊന്നും ചെയ്യാതെ അവസാനിക്കുകയും ചെയ്തു. ദുലീപ് ട്രോഫിയില്‍ ഇഷാന് കിഷന് കളിച്ച രണ്ട് മത്സരങ്ങളില്‍ ആകെ നേടിയത് 123 റണ്‍സ്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇഷാന് കിഷന് പിന്നീട് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. പരിക്ക് കാരണം വിശ്രമത്തിലായിരുന്നു. പരിക്കില്‍ നിന്നും മുക്തനായ സമയത്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നതായി താരത്തിന് നേര്‍ക്കി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ സഞ്ജുവിന് ഭാരത ടീമില്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. അതേസമയം ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ലോകകപ്പ് ടീമില്‍ വരെ സഞ്ജു ഇടംനേടി. പക്ഷെ ഒരു കളിയില്‍ പോലും അന്തിമ ഇലവനില്‍ ഇറങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. ലോകകപ്പിന് പിന്നാലെ നടന്ന മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ബംഗ്ലാദേശിനെതിരായ സാധ്യത പരിശോധിക്കപ്പെടുമ്പോള്‍ സഞ്ജുവിന്റെ സാധ്യത ഒരുതരത്തിലും എഴുതിത്തള്ളാനാവില്ല. അതേസമയം പൂര്‍ണമായും ഒഴിവാക്കാനും സാധിക്കില്ല.
ട്വന്റി20 പരമ്പരയോടെ നായക സ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തിരിച്ചെത്തും. ചെറിയ ഇടവേളയ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയും ട്വന്റി20 ടീമിലുണ്ടാകുമെന്ന് അറിയുന്നു. രോഹിത് വിരമിക്കുമ്പോള്‍ ഹാര്‍ദിക് നായകനായേക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: