Cricket

ബെംഗളൂരുവിലെ 15 ദിന ക്യാമ്പ് പൂര്‍ത്തിയായി; പോരായ്മകള്‍ ഇനിയും നികത്താനുണ്ടെന്ന് ക്യാപ്റ്റനും കോച്ചും

Published by

ബെംഗളൂരു: ഐസിസി വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങാനുള്ള ഭാരത ടീം കോച്ചിങ് ക്യാമ്പിന്റെ 15 ദിവസം നീണ്ടു നിന്ന ഒരു ഘട്ടം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. നായിക ഹര്‍മന്‍പ്രീത് കൗറും കോച്ച് അമോല്‍ മുസുംദാറും നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ ഏറ്റക്കുറച്ചിലുകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഫീല്‍ഡിങ്ങിലെയും ഫിറ്റ്‌നസിലെയും പോരായ്മകള്‍ ഇനിയും നികത്താനുണ്ട്. ഇരുവരും വലിയ വെല്ലുവിളിയായി കരുതുന്നതും അതുതന്നെയാണ്.

അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാ കപ്പ് ഫൈനലിലേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍മന്‍പ്രീത് കൗര്‍ സംസാരിച്ചത്. ക്യാച്ചുകള്‍ പാഴാക്കിയതും ഫീല്‍ഡിങ്ങിലെ ഗുരുതര പിഴവുകളും ആണ് ഭാരത വനിതകള്‍ക്ക് ഏഷ്യാകപ്പ് കിരീടം നഷ്ടപ്പെടുത്തിയതെന്ന് നായിക ഓര്‍ത്തു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യില്‍ ലോകകപ്പിന് ഒരുങ്ങാനുള്ള പരിശീലന ക്യാമ്പില്‍ ഏറെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു.

വളരെ വേഗത്തിലുള്ള ഷെഡ്യൂള്‍ ആണ് ലോകകപ്പില്‍. ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന ലോകപോരാട്ടം 18 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി 20ന് ജേതാക്കള്‍ നിര്‍ണയിക്കപ്പെടും.

ഗ്രൂപ്പ് എയില്‍ ആണ് ഭാരതം ഉള്‍പ്പെട്ടിട്ടുള്ളത്. പാകിസ്ഥാന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണ് മറ്റ് ടീമുകള്‍. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ വിജയിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കേ മുന്നേറാന്‍ സാധിക്കൂ. അഞ്ചില്‍ മൂന്ന് ടീമുകള്‍ പുറത്തുപോകുന്ന സ്ഥിതി. ആദ്യ മത്സരം മുതലേ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

ഒക്ടോബര്‍ നാലിനാണ് ഭാരതത്തിന്റെ ആദ്യ മത്സരം. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. രണ്ട് ദിവസത്തിനകം ഇതേ വേദിയില്‍ ചിരവൈരികളായ പാകിസ്ഥാനോട്. ഒക്ടോബര്‍ ഒമ്പതിന് മൂന്നാം അങ്കത്തില്‍ ശ്രീലങ്കയുമായി. 13ന് നടക്കുന്ന അവസാനത്തെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ നേരിടും. പത്ത് ദിവസത്തിനുള്ളില്‍ നാല് മത്സരങ്ങള്‍.

ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ നാല് മത്സരങ്ങള്‍ കളിച്ച് പട്ടികയില്‍ റണ്ണറപ്പുകളെങ്കിലുമാകണമെങ്കില്‍ ഫിറ്റ്‌നസിനായി വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടിയാലേ മതിയാകൂ എന്ന് ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസത്തെ ക്യാമ്പില്‍ ടീം അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ ഒത്തിണക്കമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനി അടുത്ത ഘട്ടത്തില്‍ നെറ്റ് പരിശീലനത്തിലാണ് ശ്രദ്ധയൂന്നുന്നത്. അത്‌ലറ്റിക് മികവും പരമാവധി മെച്ചപ്പെടുത്തിയെടുക്കണം. മാനസിക ഒരുക്കത്തിനായി യോഗ, ഒപ്പം സൈക്കോളജിക്കല്‍ സെഷന്‍ എന്നിവയും ക്യാമ്പിന്റെ തുടര്‍ന്നുള്ള ഭാഗമായി കൂട്ടിചേര്‍ക്കുന്നുണ്ട്.

ഒമ്പതാം പതിപ്പിലെത്തിയ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരുതവണ ഫൈനലിലെത്തിയത് മാത്രമാണ് ഭാരതത്തിന് എടുത്തു പറയാനുള്ളത്. 2020ല്‍ ഓസ്‌ട്രേലിയ ടീമിനെ തോല്‍പ്പിച്ച് കിരീടനേട്ടം അഞ്ചായി ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഭാരത പ്രതീക്ഷകള്‍ സെമിയില്‍ തീര്‍ത്തുവിട്ടതും ഓസ്‌ട്രേലിയ തന്നെ.

വളരെ ചൂട് കൂടിയ കാലവാസ്ഥയായിരിക്കും ദുബായിലെന്ന് വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഇക്കഴിഞ്ഞ മെയില്‍ ബംഗ്ലാദേശില്‍ അഞ്ച് മത്സര പരമ്പര കളിച്ച് പിച്ചുകളെ മനസ്സിലാക്കാന്‍ ഭാരതത്തിന് സാധിച്ചിരുന്നു. അതിന്റെ ആശ്വാസത്തിലിരിക്കെയാണ് ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പ് ദുബായിലേക്ക് മാറ്റിവച്ചത്. അവിടെയെത്തിയ ശേഷമെ പിച്ചിന്റെ നില മനസ്സിലാക്കാന്‍ സാധിക്കൂവെന്ന വില്ലുവിളിയും നമുക്ക് മുന്നിലുണ്ടെന്ന് ഭാരത കോച്ച് മുസുംദാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക