കാസര്‍കോട്: തൃശ്ശൂര്‍പൂരം വിഷയമാക്കുന്നത് സര്‍ക്കാര്‍ പ്രതിസന്ധിയിലായിട്ടുള്ള ഗുരുതരമായ മറ്റു വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ല. പൂരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആഭ്യന്തര വകുപ്പാണ് മറുപടി പറയേണ്ടത്. അതിന്റെ മറവില്‍ മറ്റ് ഗുരുതര വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എഡിജിപിക്ക് തെറ്റ് പറ്റിയാല്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്, സുരേന്ദ്രന് പറഞ്ഞു.
സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചത് ജനങ്ങള്‍ സഹായിച്ചതുകൊണ്ടാണ്. ആ വിജയത്തിന്റെ ശോഭ കെടുത്താനാണ് യുഡിഎഫും പ്രതിപക്ഷവും ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെ. മുരളീധരന് പറയുന്നത്.
നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായാണ് സിപിഎമ്മും കോണ്‍ഗ്രസും വരുന്നത്. കോണ്‍ഗ്രസ് തോല്ക്കാന് കാരണം സിപിഎമ്മാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് അവിടെ മൂന്നാം സ്ഥാനത്താണ്. സിപിഎമ്മിന്റെ കൊല്ലം എംഎല്‍എ മുകേഷ് ബലാത്സംഗ കേസില്‍ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുകേഷിനെ രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ച് ജനവിധി തേടണം. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് വന്നത് തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ്. എന്തുകൊണ്ടാണ് മുകേഷിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത്. നടന് സിദ്ദിഖ് എവിടെയുണ്ടെന്ന് പോലീസിനറിയാം. ഇത് നാടകമാണ്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടാനുള്ള വഴി പോലീസ് ഒരുക്കിക്കൊടുക്കുകയാണ്. പ്രസിദ്ധനായിട്ടുള്ള ചലച്ചിത്ര താരത്തിന് ലുക്ക്ഔട്ട് നോട്ടീസ് പരസ്യപ്പെടുത്തി പിടിക്കണമെന്ന് പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ്. സിദ്ദിഖ് എവിടെയുണ്ടെന്ന് പോലീസിനറിയാമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: